BusinessNationalNews

നെറ്റ് വര്‍ക്ക് തകരാര്‍: കാരണം കണ്ടുപിടിച്ച് ജിയോ;തകരാർ പരിഹരിച്ചെന്ന് അറിയിപ്പ്

മുംബൈ: ഇന്ത്യയിൽ പലയിടങ്ങളിലും ഇന്ന് റിലയന്‍സ് ജിയോയുടെ നെറ്റ്‍വർക്കിൽ തടസ്സം നേരിടാനുണ്ടായ കാരണം വ്യക്തമായിരിക്കുകയാണ്. റിലയൻസ് ജിയോ ഡാറ്റാ സെന്‍ററിലുണ്ടായ തീപിടിത്തം രാജ്യവ്യാപകമായി ജിയോ നെറ്റ്‌വർക്ക് തകരാറിന് കാരണമായതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 

സാങ്കേതിക കാരണങ്ങളാലാണ് തകരാർ സംഭവിച്ചതെന്നും തകരാർ പരിഹരിച്ചെന്നും റിലയൻസ് ജിയോ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇന്ന് രാവിലെ മുംബൈയിലെ ചില ജിയോ ഉപഭോക്താക്കൾക്ക് ചെറിയ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം തടസ്സമില്ലാത്ത സേവനങ്ങൾ ലഭിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിട്ടു. അത് പരിഹരിച്ചു. ജിയോയുടെ തടസ്സമില്ലാത്ത സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചെന്നും ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും റിലയൻസ് ജിയോ വക്താവ് പറഞ്ഞു. 

ഇന്‍റർനെറ്റ് സേവനങ്ങൾ മാത്രമല്ല തടസ്സപ്പെട്ടത്, ഫോണ്‍ വിളിക്കാനും കഴിയുന്നില്ലെന്നായിരുന്നു പരാതി. മുംബൈക്ക് പുറമെ ബെംഗളൂരു, ചെന്നൈ, ദില്ലി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ജിയോ നെറ്റ്‌വര്‍ക്കില്‍ പ്രശ്നമുള്ളതായി സോഷ്യൽ മീഡിയയിൽ പരാതി ഉയർന്നിരുന്നു. 

റിലയൻസ് ജിയോ നൽകുന്ന മൊബൈൽ, ഫൈബർ ഇൻറർനെറ്റ് സേവനങ്ങളിൽ പ്രകടമായ തടസ്സം നേരിട്ടതായി ഓൺലൈൻ തകരാറുകൾ ട്രാക്ക് ചെയ്യുന്ന ഡൗൺഡെറ്റക്റ്റർ പറയുന്നു. 68 ശതമാനം ഉപയോക്താക്കളുടെയും മൊബൈൽ നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ നേരിട്ടെന്ന് ഡൗൺഡെറ്റക്റ്റർ പറയുന്നു. നോ സിഗ്നല്‍ എന്നായിരുന്നു ഡൗണ്‍ഡിടെക്റ്ററില്‍ വന്ന 68 ശതമാനം പരാതികളും. 18 ശതമാനം പേര്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് തകരാറിനെ കുറിച്ചും 14 ശതമാനം ജിയോ ഫൈബറിലെ പ്രശ്നങ്ങളെ കുറിച്ചും പരാതി രേഖപ്പെടുത്തി. 

പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയമുണ്ടായി. കയ്യില്‍ ജിയോ സിമ്മും വീട്ടില്‍ ജിയോ ഫൈബറും ഉള്ളവന്‍റെ അവസ്ഥയാണ് അവസ്ഥ എന്നായിരുന്നു ഒരു ട്വീറ്റ്. ജിയോ കിട്ടാതായതോടെ മറ്റ് നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പൊട്ടിച്ചിരിക്കുന്നതായും ട്രോളുകളുണ്ട്. അംബാനി ചതിച്ചാശാനേ എന്ന ലൈനില്‍ നിലവിളിക്കുന്നവരെയും സോഷ്യൽ മീഡിയയിൽ കണ്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker