RDX-ന് പിന്നാലെ പുതിയ സന്തോഷം; BMW X5 സ്വന്തമാക്കി നടന്‍ നീരജ് മാധവ്
കൊച്ചി:നടൻ, നർത്തകൻ, റാപ്പർ തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള യുവനടനാണ് നീരജ് മാധവ്. ആർ.ഡി.എക്സ്. എന്ന സിനിമയുടെ സൂപ്പർ ഹിറ്റ് വിജയത്തിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ് നീരജ് മാധവ്. ജർമൻ അത്യാഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. ശ്രേണിയിലെ മികച്ച മോഡലായ എക്സ്5 ആണ് നീരജ് മാധവിന്റെ ഗ്യാരേജിൽ എത്തിയിരിക്കുന്നത്.
കേരളത്തിലെ മുൻനിര ബി.എം.ഡബ്ല്യു. വിതരണക്കാരായ ഇ.വി.എം.ഓട്ടോക്രാഫ്റ്റിൽ നിന്നാണ് അദ്ദേഹം പുതിയ ബി.എം.ഡബ്ല്യു സ്വന്തമാക്കിയത്. പരമ്പരാഗത നിറങ്ങളിൽ നിന്ന് വ്യത്യസ്തമായി യെല്ലോ നിറത്തിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് നീരജിന്റേത്. പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. മുമ്പ് ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. നിരയിലെ കുഞ്ഞൻ മോഡലായ എക്സ്1 ആയിരുന്നു അദ്ദേഹത്തിന്റെ വാഹനം.
ബി.എം.ഡബ്ല്യു എക്സ്5 എക്സ്ഡ്രൈവ് 40ഐ എം സ്പോർട്ട് ആണ് നിരജ് തിരഞ്ഞെടുത്തിട്ടുള്ള വകഭേദമെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. 1.06 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വിലയെന്നാണ് റിപ്പോർട്ട്. മഞ്ഞ നിരത്തിനൊപ്പം കറുപ്പും ചേർന്നാണ് ഈ വാഹനം അലങ്കരിച്ചിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള കിഡ്നി ഗ്രില്ല്, എൽ.ഇ.ഡി. ഹെഡ്ലാമ്പ്, ബമ്പറിന്റെ വശങ്ങളിൽ നൽകിയിട്ടുള്ള എൽ ഷേപ്പ് എയർ ഇൻടേക്ക് എന്നിവയെല്ലാം ഈ വാഹനത്തെ സ്റ്റൈലിഷാക്കുന്നു.
ആഡംബരം നിറഞ്ഞ അകത്തളമാണ് ഈ വാഹനത്തിൽ ഒരുങ്ങിയിട്ടുള്ളത്. കർവ് ഡിസ്പ്ലേയുള്ള വലിയ സ്ക്രീനാണ് ഇതിലുള്ളത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, 14.9 ഇഞ്ച് വലിപ്പമുള്ള കൺട്രോൾ ഡിസ്പ്ലേ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, ലമ്പാർ സപ്പോൾ ഉൾപ്പെടെ നൽകിയിട്ടുള്ള സ്പോർട്ട് സീറ്റുകൾ, എം ലെതർ സ്റ്റിയറിങ്ങ് വീൽ തുടങ്ങി നിരവധി ആഡംബര സംവിധാനങ്ങൾ ഒത്തിണങ്ങിയ അകത്തളമാണ് ഈ വാഹനത്തിൽ ഒരുങ്ങിയിട്ടുള്ളത്.
പെട്രോൾ എൻജിനാണ് ബി.എം.ഡബ്ല്യു എക്സ്ഡ്രൈവ് 40ഐ മോഡലുകൾക്ക് കരുത്തേകുന്നത്. 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എൻജിനാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇത് 381 എച്ച്.പി. പവറും 520 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിലെ ഗിയർബോക്സ്. ഇന്റലിജെന്റ് ഫോർ വീൽഡ്രൈവ് സംവിധാനവും ഇതിലുണ്ട്. കേവലം 5.4 സെക്കന്റിൽ 100 കിലോമീറ്റർ വേഗതയും ഈ വാഹനം കൈവരിക്കും.