26.5 C
Kottayam
Tuesday, May 14, 2024

കേരള സ്‌റ്റോറിയുടെ നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണം:എൻസിപി നേതാവ്‌ ജിതേന്ദ്ര അവാഡ്

Must read

പൂണെ: ‘ദി കേരള സ്റ്റോറി’യുടെ നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എന്‍.സി.പി. നേതാവും മഹാരാഷ്ട്രയിലെ മുന്‍ എം.എല്‍.എയുമായ ജിതേന്ദ്ര അവാഡ്. ദി കേരള സ്റ്റോറിയെന്ന പേരില്‍ ഒരു സംസ്ഥാനത്തേയും അവിടുത്തെ സ്ത്രീകളേയും അപമാനിക്കുകയാണ്. മൂന്ന് എന്ന ഔദ്യോഗിക സംഖ്യ 32,000മായി പെരുപ്പിച്ച് കാട്ടുകയാണെന്നും ജിതേന്ദ്ര അവാഡ് പറഞ്ഞതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

കേരളാ സ്‌റ്റോറി ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവാദം കടുക്കുന്നതിനിടെയാണ് എന്‍.സി.പി. മുന്‍ എം.എല്‍.എയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

തമിഴ്‌നാട്ടില്‍ മള്‍ട്ടിപ്ലെക്‌സുകളടക്കം ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിയിരുന്നു. അതേസമയം, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും മധ്യപ്രദേശും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചു.

ഇതിനിടെ ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ പുറത്തിറക്കാനുള്ള നീക്കവുമായി നിര്‍മാതാക്കള്‍ മുന്നോട്ടുപോകുകയാണ്. മേയ് 12-ന് മലയാളം പരിഭാഷ തീയേറ്ററുകളില്‍ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സിനിമയുടെ സെന്‍സര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിതരണക്കാരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഛത്രപതി ശിവജിയുടെ ചരിത്രം വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് മറാത്തി ചിത്രമായ ഹര്‍ ഹര്‍ മഹാദേവിന്റെ പ്രദര്‍ശനം തടഞ്ഞകേസില്‍ പ്രതിയായിരുന്നു മുന്‍ മന്ത്രി കൂടിയായ ജിതേന്ദ്ര അവാഡ്. കേസില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പീഡനപരാതയില്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week