25.5 C
Kottayam
Saturday, May 18, 2024

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു;മൂന്നു മാസത്തിനിടെ മൂന്നാം മരണം

Must read

ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളിൽ ഒന്നുകൂടി ചത്തു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലുള്ള മറ്റു ചീറ്റകളുമായുള്ള ഏറ്റുമുട്ടലിലാണ് ദക്ഷ എന്ന് വിളിപ്പേരുള്ള ചീറ്റ ചത്തത്. പെണ്‍ചീറ്റയാണ് ദക്ഷ. വായു, അഗ്നി എന്നിങ്ങനെയുള്ള ആണ്‍ചീറ്റകളുമായിട്ടാണ് ദക്ഷ ഏറ്റുമുട്ടിയത്. മൂന്ന് മാസത്തിനിടെ ഇത് മൂന്നാം വട്ടമാണ് മറ്റൊരു ചീറ്റകൂടി ചാകുന്നത്.

ഇണചേരലിനാണ് ദക്ഷയെ വായു, അഗ്നി എന്നിങ്ങനെ ആണ്‍ചീറ്റകളുളള മേഖലയില്‍ തുറന്നു വിട്ടത്. എന്നാല്‍ ഇതിനിടെ ആണ്‍ചീറ്റകള്‍ ആക്രമാസക്തരായി ദക്ഷയ്ക്ക് പരിക്കേറ്റിരിക്കാമെന്നാണ് മധ്യപ്രദേശ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ് ചൗഹാന്‍ പ്രതികരിച്ചത്. അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇതിനു മുമ്പ് മാര്‍ച്ചിലും ഏപ്രിലിലുമായി സാഷ, ഉദയ് എന്നിങ്ങനെ പേരുകളുള്ള ചീറ്റകള്‍ അസുഖബാധിതരായി ചത്തിരുന്നു. വൃക്കസംബന്ധമായ രോഗം ബാധിച്ചാണ് സാഷ ചത്തത്തെങ്കില്‍ ഉദയ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമാണ് ചത്തത്. ചികിത്സയ്ക്കിടെയാണ് ഉദയയുടെ മരണം സ്ഥിരീകരിച്ചത്. ജൂണില്‍ മൂന്ന് പെണ്‍ചീറ്റകളെയും രണ്ടു ആണ്‍ചീറ്റകളെയും വിശാലവനത്തിലേക്ക് തുറന്നുവിടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു.

കുനോ ദേശീയോദ്യാനത്തിന് പുറത്തേക്ക് ചീറ്റകള്‍ പോകുന്നത് തടയില്ലെന്നും പരിസ്ഥിതികാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അപകടമുണ്ടെന്ന് തോന്നിയാല്‍ മാത്രമേ ഇത്തരത്തില്‍ പോകുന്ന ചീറ്റകളെ തിരികെ എത്തിക്കൂ. നമീബിയയില്‍ നിന്നുമെത്തിച്ച ആദ്യ ബാച്ചില്‍ പെടുന്ന എട്ടു ചീറ്റകളില്‍ നാലെണ്ണത്തെ വിശാല വനത്തിലേക്ക് തുറന്നുവിട്ടു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് രാജ്യത്ത് വംശമറ്റുപോയ ചീറ്റകള്‍ വീണ്ടുമെത്തിയത്. നമീബിയയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ചീറ്റകളെ ഗ്വാളിയാറിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍മി ഹെലികോപ്റ്ററിലാണ് കുനോ ദേശീയോദ്യാനത്തിലേക്ക് ചീറ്റകളെ എത്തിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്ത് ചീറ്റകളുടെ രണ്ടാം ബാച്ചെത്തിയിരുന്നു. 12 ചീറ്റകളാണ് രണ്ടാം ബാച്ചില്‍ രാജ്യത്തെത്തിയത്. 1947-ലാണ് വനപ്രദേശത്ത് ചീറ്റകളുടെ സാന്നിധ്യം ഒടുവിലായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് 1952-ല്‍ ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. കരയിലെ ഏറ്റവും വേഗമേറിയ ജീവി വിഭാഗം കൂടിയാണ് ചീറ്റകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week