26.8 C
Kottayam
Monday, April 29, 2024

ഒരുമാസത്തിനകം പുനഃസംഘടന പൂർത്തിയാക്കണം, ഇല്ലെങ്കിൽ എൻറെ വഴിക്കുപോകും- കെ. സുധാകരൻ

Must read

സുല്‍ത്താന്‍ബത്തേരി: കോണ്‍ഗ്രസ് പുനഃസംഘടന ഒരുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് കെ.സുധാകരന്‍. വയനാട് സുല്‍ത്താന്‍ബത്തേരിയിലെ ലീഡേഴ്‌സ് മീറ്റിലാണ് സുധാകരന്‍റെ പ്രതികരണം. പാര്‍ട്ടിയില്‍ ഗ്രൂപ്പിന്റെ അതിപ്രസരമാണ്. പോഷകസംഘടനാ ഭാരവാഹികളെ നിശ്ചയിക്കുന്നത് താന്‍ അറിയുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രതീക്ഷിച്ചരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബോധ്യമുണ്ട്. തന്റെ കഴിവുകേടുകൊണ്ടോ ബോധപൂര്‍വ്വമോ അല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ്. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്നത്തെ മുഖമായിരുന്നില്ല കോണ്‍ഗ്രസിന് ഉണ്ടാവുക. മുഖം മാറുമായിരുന്നുവെന്നും അദ്ദേഹം ലീഡേഴ്‌സ് മീറ്റില്‍ പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം നടന്ന യോഗത്തിലായിരുന്നു പുനഃസംഘടന ഒരുമാസത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ താന്‍ തന്റെ വഴിക്കുപോകുമെന്ന് സുധാകരന്‍ വ്യക്തമാക്കിയത്. മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതാവ് ആരാണെന്ന് വേദിയില്‍ വെച്ച് ടി.എന്‍. പ്രതാപനോട് കെ. സുധാകരന്‍ ആരാഞ്ഞു.

കെ. മുരളീധരന്‍, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരൊഴികെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം രണ്ടുദിവസത്തെ ലീഡേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. വിദേശത്തായതിനാലാണ് തരൂരിന് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. കെ. മുരളീധരന്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ യോഗത്തില്‍ ചേരും. പങ്കെടുക്കാനുള്ള അസൗകര്യം മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞു തിരുത്താനും പാര്‍ട്ടിയെ എല്ലാതലത്തിലും സജ്ജമാക്കാനും കര്‍മപദ്ധതിക്ക് രൂപംനല്‍കാനാണ് രണ്ടുദിവസത്തെ നേതൃസമ്മേളനം നടത്തുന്നത്. പാര്‍ട്ടിയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുദിവസം തുടര്‍ച്ചയായി നേതൃയോഗം ചേരുന്നത്. കെ.പി.സി.സി. ഭാരവാഹികള്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 91 പേരാണുണ്ടാവുക. എ.ഐ.സി.സി. ഭാരവാഹികളായ കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, വിശ്വനാഥ പെരുമാള്‍ തുടങ്ങിയവര്‍ മുഴുവന്‍സമയം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടിലാണ് യോഗം നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week