25.7 C
Kottayam
Friday, May 10, 2024

കൊച്ചി പുറംകടലിൽ നിന്ന് 200 കിലോ ഹെറോയിൻ പിടികൂടിയ സംഭവം; ഇടപാടിന് പിന്നിൽ പാക് സംഘം

Must read

കൊച്ചി: കൊച്ചിയുടെ പുറംകടലിൽ നിന്ന് പിടികൂടിയ 200 കിലോ ഹെറോയിന് പിന്നിൽ പാകിസ്ഥാൻ കേന്ദ്രമാക്കിയുളള ഹാജി അലി  നെറ്റ് വർക്കെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. പാകിസ്ഥാനിൽ നിന്ന് പുറപ്പെട്ട ചരക്ക് ശ്രീലങ്കയിലേക്കാണ് നീങ്ങിയത്. ഇതിന്‍റെ ഒരു ഭാഗം പിന്നീട് ഇന്ത്യയിൽ എത്താനിരുന്നതാണെന്നും എൻ സി  ബി അറിയിച്ചു.

മത്സ്യ ബന്ധന ട്രോളറിൽ കൊണ്ടുവന്ന ഇരുനൂറ് കിലോ ഹെറോയിനാണ് കൊച്ചിയുടെ പുറങ്കടലിൽ വെച്ച് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നേവിയും ചേർന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ലഹരികടത്തിന് ഇടനിലക്കാരായ ആറ് ഇറാൻ പൗരൻമാരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ  നിന്നാണ് കൂടുതൽ വിവരങ്ങൾ കിട്ടിയത്.

രാജ്യാന്തര മാർക്കറ്റിൽ 1200 കോടി  രൂപ വിലമതിക്കുന്ന ഹെറോയിൻ പാകിസ്ഥാനിൽ നിന്നാണ് പുറപ്പെട്ടത്. ഇന്ത്യയും ശ്രീലങ്കയും കേന്ദ്രമാക്കിയുളള ലഹരി കടത്തിന് ചുക്കാൻ പിടിക്കുന്ന ഹാജി അലി നെറ്റ് വർക് തന്നെയായിരുന്നു പിന്നിൽ. പാകിസ്ഥാൻ സംഘം ഇറാൻ തീരത്ത് വെച്ചാണ് ഇപ്പോൾ കസ്റ്റഡിയിലുളള സംഘത്തിന് ഹെറോയിൻ കൈമാറിയത്. ഇന്ത്യയുടെ പുറം കടലിൽ വെച്ച് ശ്രീലങ്കയിൽ നിന്നുളള ലഹരികടുത്ത് സംഘത്തിന് ഇത് കൈമാറാൻ കാത്ത് നിൽക്കുമ്പോഴാണ് ഇവര്‍ നേവിയുടെ പിടിയിലാകുന്നത്.

2020 ൽ കൊച്ചി തീരത്ത് നിന്ന് രണ്ട് തവണയായി പിടികൂടിയ അറുനൂറ് കിലോ ഹെറെയിന് പിന്നിലും ഹാജി അലി നെറ്റ് വർക്കാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ലഹരികടത്തിൽ തീവ്രവാദ ബന്ധത്തിന് തെളിവില്ലെന്ന് എൻ സി ബി അറിയിച്ചു. സംഭവത്തിൽ കസ്റ്റഡിയിലുളള ആറ് ഇറാൻ പൗരൻമാരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കും.

മയക്കുമരുന്ന് കൊണ്ടുവന്ന ബോട്ടിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിരുന്നു. സാറ്റലൈറ്റ് ഫോണിലെ വിശദാംശങ്ങൾ വേർതിരിച്ചുവരികയാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. ഇത് പരിശോധിച്ചെങ്കിലേ ലഹരി മരുന്ന് കടത്തിലെ റാക്കറ്റ് സംബന്ധിച്ച ചിത്രം വ്യക്തമാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week