23.8 C
Kottayam
Monday, May 20, 2024

‘അഞ്ചാം പാതിര’ പ്രചോദനമായി;പ്രണയപ്പകയില്‍ ജീവനെടുത്തു, വിഷ്‌ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

Must read

തലശ്ശേരി: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. യുവതിയുടെ മുൻ സുഹൃത്ത് മാനന്തേരിയിലെ താഴെകളത്തിൽ എ.ശ്യാംജിത്ത് ആണ് കേസിലെ ഏക പ്രതി. 2022 ഒക്ടോബർ 22നാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്.

ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നു. പൊന്നാനിയിലുള്ള സുഹൃത്തിനെ വാട്‌സാപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിനിടയിലാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ശ്യാമേട്ടൻ വന്നിട്ടുണ്ടെന്നും തന്നെ എന്തെങ്കിലും ചെയ്യുമെന്നും യുവതി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഉടൻ ഫോൺ കട്ടാവുകയുമായിരുന്നു.

ബാഗിൽ മാരക ആയുധങ്ങളുമായിട്ടാണ് ശ്യാംജിത്ത് എത്തിയത്. കിടപ്പുമുറിയിൽ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേൽപ്പിച്ചാണ് ശ്യാംജിത്ത് യുവതിയെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് ഇയാൾ രക്ഷപ്പെട്ടു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി.

കൃത്യം നടത്തുന്നതിന്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവുകൾ മരണശേഷമുള്ളതാണ്. തന്നോടുള്ള പ്രണയം അവസാനിപ്പിച്ചതോടെയാണ് കൊല്ലാൻ പദ്ധതിയിട്ടതെന്ന് പ്രതി പൊലീസിനോട്‌ പറഞ്ഞു. സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമ ‘അഞ്ചാംപാതിര’യാണ് പ്രചോദനമായതെന്നും ഇയാൾ മൊഴി നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week