KeralaNews

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം, 15 പേർക്ക് പരിക്ക്; ഡ്രൈവറെ പുറത്തെടുത്തത് ലോറിയുടെ മുൻവശം വെട്ടിപ്പൊളിച്ച്

തൃശൂർ: കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഗുരുവായൂർ ഭാഗത്തുനിന്നും കുന്നംകുളം വഴി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിർ ദിശയിൽ വരികയായിരുന്ന ടോറിസ് ലോറിയിൽ ഇടിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിന്‍റെയും ടോറസിന്‍റെയും ഡ്രൈവർമാർക്ക് സാരമായ പരിക്കുണ്ട്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. പരിക്കേറ്റവരെ കുന്നംകുളം നന്മ, ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം മലങ്കര, താലൂക്ക്, ദയ റോയൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ടോറസ് ലോറിയിൽ ഇരിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ടോറസ് ലോറിയുടെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button