25.1 C
Kottayam
Thursday, May 16, 2024

ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ്: അറസ്റ്റിന്‍റെ കാരണം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് ഹൈക്കോടതി

Must read

ന്യൂഡൽഹി: ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ എഫ്ഐആ‍ർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി ദില്ലി ഹൈക്കോടതി. ന്യൂസ് ക്ലിക്ക് മേധാവികളുടെ അറസ്റ്റിന്‍റെ കാരണം റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ലെന്ന് ഇന്ന് ഹര്‍ജി പരിഗണിക്കുന്നതിനായി എടുത്തപ്പോള്‍ ഹൈക്കോടതി നിരീക്ഷിച്ചു. അറസ്റ്റിന്‍റെ കാരണം റിമാന്‍ഡ് റിപ്പോര്‍ട്ടില്ലാത്തതിനാല്‍ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ദില്ലി പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കുമെന്ന് സോളിസ്റ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

എഫ്.ഐ.ആറിലെ ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിനാല്‍ ന്യൂസ് ക്ലിക്കിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നും സോളിസ്റ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിങ്കളാഴ്ച ആദ്യ ഇനമായി ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. 

യുഎപിഎ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ന്യൂസ് ക്ലിക്ക് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കാന്‍ എടുത്ത ദില്ലി ഹൈക്കോടതി അറസ്റ്റിന്‍റെ കാരണം റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ലെന്ന നിരീക്ഷണം നടത്തിയത്.

ഇന്ത്യ വിരുദ്ധ നീക്കത്തിന് 115 കോടി രൂപയുടെ ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന ഇഡിയുടെ ആക്ഷേപം അതേ പടി പകര്‍ത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയുടെയും, എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയുടെയും ആവശ്യം. കപില്‍ സിബല്‍ മുഖേനയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മയുടെ  ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ ഇഡിയുടെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. പ്രബിര്‍ പുര്‍കായസ്തയെ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിച്ചിട്ടില്ല.

അതേ ആരോപണങ്ങള്‍ ഏറ്റുപിടിച്ച് തയ്യാറാക്കിയ എഫ്ഐആറും, അറസ്റ്റും നിയമവിരുദ്ധമാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.എഫ് ഐആറിന്‍റെ പകര്‍പ്പ് നല്‍കാന്‍ പൊലീസ് വിസമ്മതിച്ചതും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് വീണ്ടും ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ പേര്‍ക്ക് ദില്ലി പൊലീസ് നോട്ടീസ് നല്‍കി. ഇതിനിടെ കേസില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ പൊലീസ് തുടങ്ങി. ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരുമടക്കം 5 പേര്‍ക്ക് കൂടി നോട്ടീസ് നല്‍കി. ഇന്നലെ 10 പേരെ ആറ് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു.

ന്യൂസ് ക്ലിക്കിന് കിട്ടിയ ചൈനീസ് ഫണ്ടില്‍ നിന്ന് നാല്‍പത് ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്ന ഇഡിയുടെ ആരോപണത്തില്‍ ടീസ്ത സെതല്‍വാദിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നറിയുന്നു. ദില്ലി കലാപം, ഇന്ത്യ- ചൈന സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളിലെ ന്യൂസ് ക്ലിക്കിന്‍റെ നിലപാടിന് തീവ്രവാദ ഛായ നല്‍കുന്ന ദില്ലി പൊലീസ് കേന്ദ്രസര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ നീക്കങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷപവും ഉയര്‍ത്തുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week