ഹെയർ സ്റ്റെെൽ ചെയ്ത സ്ത്രീയുമായി അടിയായി; ഇഷ്ടമില്ലാതെ ഡാൻസ് ചെയ്തു; അന്ന് നടന്നത്; നവ്യ
കൊച്ചി:മലയാളികൾക്ക് പ്രിയങ്കരിയാണ് നടി നവ്യ നായർ. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന നവ്യക്ക് നേരെ സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായിട്ടുണ്ട്. ചിലപ്പോൾ ട്രോളുകളും വന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ പേരിൽ നിരവധി ട്രോളുകൾ വന്നു. ഇതേക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമയിൽ ഏറ്റവും കൂടുതൽ മേക്കപ്പിന്റെ ട്രോൾ കിട്ടിയ ആൾക്കാരിൽ ഒരാളാണ് ഞാൻ. എന്റെ ഓർമ ശരിയാണെങ്കിൽ ഞാൻ ഏഷ്യാനെറ്റിൽ ഒരു ഡാൻസ് പ്രോഗ്രാം ചെയ്യുന്ന സമയത്ത് ട്രോളുകൾ വരുന്നതേയുള്ളൂ. തലേദിവസം എനിക്ക് ദുബായിൽ ഒരു ഷോയുണ്ടായിരുന്നു. അത് കഴിഞ്ഞ് വെളുപ്പാൻ കാലത്ത് എത്തി. ഡാൻസ് പ്രാക്ടീസ് ചെയ്തു. വീഡിയോ അയച്ച് തന്നിരുന്നു. ബേസിക് ഐഡിയ ഉണ്ട്. കലാ മാസ്റ്ററാണ് അന്നത്തെ കൊറിയോഗ്രാഫർ. വേഗം പഠിച്ചതിൽ കല അക്കയ്ക്ക് സന്തോഷം.
പക്ഷെ രാത്രിയിലെ ഉറക്കം ഫ്ലെെറ്റിനകത്തായതിനാൽ തീരെ ശരിയായില്ല. പ്രാക്ടീസിന്റെ തിരക്കിൽ ഉറങ്ങാൻ സമയവും ലഭിച്ചില്ല. മേക്കപ്പ് ചെയ്യുന്ന സ്ഥലത്തേക്ക് പോയി. ഓരോരുത്തരുടെയും പേരുണ്ടാവും. അതിനുള്ളിൽ പോയാണ് റെഡിയാവുക. അന്ന് എന്നെ മേക്കപ്പ് ചെയ്തയാളുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. കാരണം പുള്ളി ഗംഭീര മേക്കപ്പ് ആർട്ടിസ്റ്റാണ്. നേരത്തെ പരിചയമുണ്ട്. എന്തുകാെണ്ടോ ഞങ്ങളുടെ ഭാഗ്യ ദോഷം കൊണ്ട് അന്നത്തെ മേക്കപ്പ് അങ്ങനെയായതെന്ന് നവ്യ പറയുന്നു.
മേക്കപ്പ് ചെയ്യുന്ന സമയത്ത് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ഫുൾ മേക്കപ്പ് ചെയ്ത് കഴിഞ്ഞ് നോക്കിയപ്പോൾ ഞാൻ ഞെട്ടി. ഭയങ്കരമായി വെളുത്തിരിക്കുന്നു. ചേട്ടാ ഒരുപാട് വെളുത്ത് പോയല്ലോ എന്ന് ഞാൻ പറഞ്ഞു. വിളറിയെ വെളുപ്പ്. കുറച്ചൊക്കെ തുടച്ചു. കൂടുതൽ മോശഷമായത് ഹെയർ സ്റ്റെെൽ ചെയ്തപ്പോഴാണ്. ഒരു സ്ത്രീയാണ് ചെയ്തത്. അവരുടെ ഹെയർസ്റ്റെെലിൽ ഞാൻ ഹാപ്പിയല്ലായിരുന്നു.
അന്ന് അവരോട് സംസാരിച്ചു. ചെറിയ അടിയായി. തലയിൽ നൂറ് നൂറ്റമ്പത് സ്ലെെഡൊക്കെ വെച്ചപ്പോൾ ഞാൻ ഡെസ്പ് ആയി. നേരത്തെ റെഡിയായി. അവിടെ പോയി നിൽക്കുമ്പോൾ കല അക്ക വന്ന് നിന്നെ പോലെയുള്ള ആർട്ടിസ്റ്റുകളെ കണ്ട് പഠിക്കണം. രാവിലെ വന്ന് റിഹേഴ്സൽ ചെയ്തു. ഇപ്പോൾ റെഡിയായി ബാക്ക്സ്റ്റേജിൽ നിൽക്കുന്നു. ഇതൊക്കെ വലിയ കാര്യമാണെന്ന് പറഞ്ഞു.
ഡാൻസ് ചെയ്തു. ഇഷ്ടപ്പെട്ടില്ലെങ്കിലും ചെയ്ത് തിരിച്ച് വന്നു. ട്രോളായത് അറിയുന്നത് അജു വർഗീസ് അയച്ച് തന്നപ്പോഴാണെന്നും നവ്യ പറയുന്നു. ഇല്ല, ഇല്ല മരിച്ചിട്ടില്ല, മൈക്കൽ ജാക്സൺ മരിച്ചിട്ടില്ല. ജീവിക്കുന്നു നവ്യയിലൂടെ എന്നായിരുന്നു ട്രോൾ.
അന്ന് ട്രോൾ ശീലമില്ല. മാനസികമായി തളർന്ന് പോയി. ഒരു കൈയബദ്ധമൊക്കെ എല്ലാവർക്കും പറ്റും. എനിക്കത്ര കളർ ഇല്ല. നിങ്ങൾക്കും എനിക്കും അതറിയാം. അത് ഉണ്ടെന്ന് സ്ഥാപിക്കാൻ ഞാൻ എവിടേക്കും പോയിട്ടുമില്ല. പക്ഷെ കാക്കയെ പോലെ കരിക്കട്ടയെ പോലെ എന്നൊക്കെയുള്ള കമന്റുകൾ വരുമ്പോൾ വിഷമം തോന്നുമെന്നും നവ്യ വ്യക്തമാക്കി.