‘വിനായകന്‍ പറഞ്ഞത് തെറ്റ്, ഞാനും ക്രൂശിക്കപ്പെട്ടു’; ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതെന്ന് നവ്യ നായര്‍
കൊച്ചി: നടന്‍ വിനായകനെതിരെ നവ്യ നായര്‍. വിനായകന്റെ മീ ടൂ പരാമര്‍ശം തെറ്റായി പോയെന്ന് നവ്യ ചൂണ്ടിക്കാട്ടി. വിനായകന്‍ പറഞ്ഞതിന് ക്രൂശിക്കപ്പെട്ടത് താനാണെന്നും നവ്യ പറഞ്ഞു. ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതെന്നായിരുന്നു നവ്യയുടെ പ്രതികരണം.
മീ ടൂ വിനെ തുടര്‍ന്ന് വിവാദമായ തന്റെ പരാമര്‍ശത്തില്‍, വിനായകന്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിന്നു. ഇതിന് പിന്നാലെയാണ് നവ്യയുടെ മറുപടി.
‘വിനായകന്‍ പറഞ്ഞത് തെറ്റാണ്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. വിനായകന്റെ പരാമര്‍ശത്തില്‍ എന്നെയും ആള്‍ക്കാര്‍ ക്രൂശിച്ചു. ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നത്. വിവാദ പരാമര്‍ശങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കി’, നവ്യ വ്യക്തമാക്കി.
അതേസമയം, മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് അതേ വേദിയില്‍ ഉണ്ടായിരുന്ന നവ്യ പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യ നേരത്തെ നല്‍കിയ മറുപടി. സംവിധായകന്‍ വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം.
മീ ടൂ എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്. ‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും.
എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’, വിനായകന്‍ പറഞ്ഞു.