32.3 C
Kottayam
Saturday, May 11, 2024

ഇന്നടിച്ചതാരാണ് എന്ന് നാം കണ്ടു, നാളെ അടിക്കാന്‍ പോകുന്നവര്‍ അവരായിരിക്കില്ല; മുരളി തുമ്മാരുകുടി

Must read

യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശമം നടത്തിയ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിക്കും സംഘത്തിനും പൂര്‍ണ പിന്തുണയുമായി മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് മുരളി തുമ്മാരുകുടി രംഗത്ത് വന്നത്.

സൈബറിടത്തിലെ അതിക്രമങ്ങള്‍ക്ക് അടി പേടിക്കേണ്ട, പൊലീസ് കേസുകള്‍ തന്നെ അപൂര്‍വ്വം, അതില്‍ തന്നെ കോടതിയില്‍ എത്തി ശിക്ഷിക്കപ്പെടുന്നത് അപൂര്‍വത്തില്‍ അപൂര്‍വം എന്ന സുരക്ഷാ ബോധമാണ് മൂന്നു സ്ത്രീകള്‍ പത്തു മിനിറ്റുകൊണ്ട് തകര്‍ത്തു കളഞ്ഞതെന്നും അടികൊണ്ടത് ഒരാള്‍ക്ക് മാത്രമല്ലെന്നും അയാളെപ്പോലെ മാളങ്ങളില്‍ ഒളിഞ്ഞിരുന്ന് നിരീക്ഷണവും പരീക്ഷണവും നടത്തുന്നവര്‍ക്കും അവരെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും ആണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണരൂപം

അടിച്ചവരും അടി കൊണ്ടവരും..

മൂന്നു സ്ത്രീകള്‍, രണ്ടു പേര്‍ കാമറക്ക് മുന്നില്‍, ഒരാള്‍ പുറകില്‍

കരണക്കുറ്റിക്ക് രണ്ടു മൂന്ന് അടി

ശബ്ദ താരാവലിയില്‍ പൊതുവെ ആണുങ്ങള്‍ മാത്രം എടുത്തു പ്രയോഗിക്കാറുള്ള ഉള്ള കുറച്ചു വാക്കുകള്‍

മൊത്തം പത്തു മിനുട്ട്

സൈബറിടത്തില്‍ സ്ത്രീകള്‍ക്കെതിരെ എന്തും പറയാമെന്നും അതിനെതിരെ ഫലപ്രദമായ നിയമങ്ങള്‍ ഇല്ല എന്നും ഉള്ള നിയമങ്ങള്‍ തന്നെ ഫലപ്രദമായി ഉപയോഗിക്കപ്പെടില്ല എന്നുമുള്ള കാര്യങ്ങള്‍ കേരള സമൂഹത്തിന് വളരെ വേഗത്തില്‍ മനസ്സിലായി.

ഈ വിഷയത്തോടുള്ള ആളുകളുടെ പ്രതികരണം ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. സമൂഹത്തിലും രാഷ്ട്രീയത്തിലും വിവിധ വശങ്ങളില്‍ നില്‍ക്കുന്ന, എല്ലാ പ്രായത്തിലും ഉള്ള, കേരളത്തിലും കേരളത്തിന് പുറത്തുമുള്ള എല്ലാ സ്ത്രീകളും സന്തോഷത്തോടെയാണ് ഈ വിഷയത്തോട് പ്രതികരിച്ചു കണ്ടത്.

കാരണം സൈബറിടത്തില്‍ അനാവശ്യമായ കടന്നുകയറ്റം സംഭവിക്കുന്നത് അവര്‍ക്ക് മറ്റുള്ളവരുടെ കഥയല്ല. സ്വന്തം അനുഭവമാണ്.

മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ലീലം പറയുന്നത്, മെസ്സഞ്ചര്‍ ചാറ്റ് ബോക്‌സില്‍ വന്ന് വസ്ത്രമുരിഞ്ഞു കാണിക്കുന്നത്, ഫോട്ടോ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ ഇടുന്നത്, യുട്യൂബ് ചാനലില്‍ ഒക്കെ തോന്നുന്ന അശ്ലീലം ഒക്കെ വിളിച്ചു പറയുന്നത്. ഇതില്‍ ഏതെങ്കിലും ഒക്കെ അനുഭവിക്കാത്ത സ്ത്രീകള്‍ കേരളത്തില്‍ ഇല്ല.

പണ്ടൊക്കെ പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലും ഉത്സവ പറമ്ബിലും ആളൊഴിഞ്ഞ വഴികളിലും ഒക്കെ സ്ത്രീകളെ തൊടാനും പിടിക്കാനും നടന്നവര്‍ക്കും തുണി പൊക്കി കാണിക്കാന്‍ നടന്നവര്‍ക്കും ഒക്കെ സൈബറിടങ്ങള്‍ വിശാലമായ ലോകമാണ് തുറന്നു കൊടുത്തത്.

പണ്ടൊക്കെ അവരുടെ പ്രവര്‍ത്തികള്‍ സ്വന്തം പ്രാദേശിക അതിര്‍ത്തികള്‍ക്കുള്ളില്‍ നില്‍ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ ഇപ്പോള്‍ ലോകത്ത് എവിടെ ഇരിക്കുന്നവരെ വേണമെങ്കിലും അവര്‍ക്ക് ബുദ്ധിമുട്ടിക്കാം. പണ്ടൊക്കെ ഇങ്ങനെ എന്തെങ്കിലും ചെയ്യണമെങ്കില്‍ സ്വയം ചെയ്യണം, ഇപ്പോള്‍ കപടമായ പേരില്‍ ചെയ്യാം, മുഖമില്ലാതെ ചെയ്യാം. പണ്ടൊക്കെ വീടിന് പുറത്തിറങ്ങി ചെയ്യേണ്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ വീടിനകത്ത് സ്വകാര്യമായി ചെയ്യാം.
ഇതൊക്കെ ഇത്തരക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

ബസില്‍ ഒക്കെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ സ്ത്രീകള്‍ ഉടന്‍ തന്നെ പ്രതികരിക്കാനും വരമ്ബത്ത് തന്നെ കൂലി കിട്ടാനുമുള്ള സാഹചര്യം ഉണ്ടായിരുന്നു.

സൈബറിടത്തിലെ അതിക്രമങ്ങള്‍ക്ക് അടി പേടിക്കേണ്ട, പോലീസ് കേസുകള്‍ തന്നെ അപൂര്‍വ്വം, അതില്‍ തന്നെ കോടതിയില്‍ എത്തി ശിക്ഷിക്കപ്പെടുന്നത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വം.

ആ സുരക്ഷാ ബോധമാണ് മൂന്നു സ്ത്രീകള്‍ പത്തു മിനിറ്റുകൊണ്ട് തകര്‍ത്തു കളഞ്ഞത്.

അതുകൊണ്ട് തന്നെ അടി കൊണ്ടത് ജെട്ടി നിരീക്ഷകന് മാത്രമല്ല

അദ്ദേഹത്തെപ്പോലെ മാളങ്ങളില്‍ ഒളിഞ്ഞിരുന്നു നിരീക്ഷണവും പരീക്ഷണവും നടത്തുന്ന എല്ലാവര്‍ക്കും ആണ്.

അവരെ പിന്തുടരുന്നു, പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും ആണ്.

അവരെപ്പോലെ ഉള്ളവര്‍ക്ക് വളര്‍ന്നു വരാന്‍ അവസരം ഉണ്ടാക്കുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ സൃഷ്ടിയിലും നിലനിര്‍ത്തലിലും ഉള്‍പ്പെട്ട എല്ലാവര്‍ക്കും ആണ്.

അവരെപ്പോലെ ഉള്ളവരെ പരാതി കിട്ടിയാല്‍ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത നിയമ നിര്‍വ്വഹണ സംവിധാനത്തിനാണ്.

അവരെപ്പോലെ ഉള്ളവര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പകല്‍ പോലെ വ്യക്തമാണെങ്കിലും അതിനെതിരെ ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കാത്ത നിയമ നിര്‍മ്മാണ സംവിധാനങ്ങള്‍ക്കാണ്.

എല്ലാവരും മനസ്സാക്ഷിയുടെ കണ്ണാടിയില്‍ ഒന്ന് നോക്കുക. എന്നിട്ട് സ്വന്തം ചെകിട് ഒന്ന് തലോടി നോക്കുക.

അടിയുടെ പാടണ്ടോ ?, അടി കിട്ടാന്‍ വഴിയണ്ടോ ?

ഉണ്ടെങ്കില്‍ അടികിട്ടാനുള്ള സാഹചര്യം ഒഴിവാക്കുക. വേണ്ടത് ചെയ്യുക.

കാരണം, ഇതൊരു സൂചനയും തുടക്കവും ആണ്.

സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സമൂഹം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ എത്തിയിട്ടില്ലെങ്കിലും കാലത്തിനൊപ്പം ഉള്ള സ്ത്രീകള്‍ കേരളത്തില്‍ ഉണ്ട്. അവരുടെ എണ്ണം മൂന്നില്‍ ഒതുങ്ങില്ല.

ഇന്നടിച്ചതാരാണ് എന്ന് നാം കണ്ടു. നാളെ അടിക്കാന്‍ പോകുന്നവര്‍ അവരായിരിക്കില്ല. അതറിയണമെങ്കില്‍ ഫേസ്ബുക്ക് ടൈംലൈന്‍ ഒന്ന് ശരിക്ക് വായിച്ചു നോക്കിയാല്‍ മതി.

അവരൊക്കെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അടി തലസ്ഥാനത്ത് നില്‍ക്കില്ല, തലയിലും.

മുരളി തുമ്മാരുകുടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week