KeralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരുന്ന ഷട്ടര്‍ അടച്ചു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരുന്ന സ്പില്‍വേ ഷട്ടര്‍ അടച്ചു. 141 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇതോടെയാണ് ഷട്ടര്‍ അടച്ചത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2000 ഘനയടിയായി കുറച്ചു.

നിലവില്‍ അണക്കെട്ടില്‍ സംഭരിക്കാന്‍ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2399.08 അടിയാണ് നിലവിലെ ജലനിരപ്പ്. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വിനെ കേരളം ശക്തമായി എതിര്‍ക്കും. ബേബി ഡാമിന്റെ സമീപത്തെ വിവാദ മരംമുറിക്കല്‍ വിഷയവും കോടതിയില്‍ പരാമര്‍ശിച്ചേക്കും.

മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി ജലനിരപ്പായ 142 അടി വെള്ളം സംഭരിക്കാം. ഇന്നലെ മുതലാണ് പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നത്. ഇതിനെ കേരളം ശക്തമായി എതിര്‍ക്കും. ജസ്റ്റിസുമാരായ എം.എന്‍ ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് നാല് പൊതുതാത്പര്യ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമ്പോള്‍ വിശദമായി തന്നെ വാദം പറയാനാണ് കേരളത്തിന്റെ തീരുമാനം.

മരംമുറി വിവാദത്തിലും കേരളത്തിന്റെ നിലപാട് നിര്‍ണായകമാണ്. തമിഴ്നാട് തങ്ങളുടെ നിലപാടും എതിര്‍പ്പും കോടതിയെ അറിയിച്ചിട്ടുണ്ട്. ബേബി ഡാം ശക്തിപ്പെടുത്താനും മരങ്ങള്‍ മുറിക്കാനും കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മേല്‍നോട്ട സമിതിയുടെ ആവശ്യപ്രകാരം കേരളം മരംമുറിക്കാന്‍ അനുമതി നല്‍കിയെങ്കിലും പിന്നീട് മരവിപ്പിച്ചു. അണക്കെട്ട് സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദത്തെയും സത്യവാങ്മൂലത്തില്‍ തമിഴ്നാട് തള്ളി.

മികച്ച പ്രവര്‍ത്തന സ്ഥാപനങ്ങളുടെ സഹായത്തോടെ അടിയന്തരമായി അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന് ഹര്‍ജിക്കാരനായ ഡോ. ജോ ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ വിയോജിപ്പും കൂടി കണക്കിലെടുത്തുകൊണ്ട് മേല്‍നോട്ട സമിതി റൂള്‍ കര്‍വും ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും നിശ്ചയിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker