മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി, ഒരു ദിവസം മോര്‍ച്ചറില്‍; പോസ്റ്റോമോര്‍ട്ടം ടേബിളില്‍ ജീവനോടെ യുവാവ്!
ലക്‌നൗ: വാഹനാപകടത്തില്‍ മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയ യുവാവിനെ ഒരു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ടേബിളില്‍ കിടത്തിയപ്പോള്‍ ജീവന്റെ തുടിപ്പ്. ഉത്തര്‍പ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ശ്രീകേഷ് കുമാര്‍ എന്ന യുവാവിനെ നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടുത്തെ ഡോക്ടര്‍ പരിശോധിച്ചശേഷം ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തും മുന്‍പാണ് മരണം സംഭവിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.
ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. ശേഷം കുടുംബം എത്തുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ പോലീസും കുടുംബവും എത്തിയതോടെ മൃതദേഹം പുറത്തെടുത്തു. ഈ സമയം ശ്രീകേഷ് ശ്വസിക്കുന്നത് ബന്ധുക്കള്‍ ശ്രദ്ധിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ ഇയാള്‍ ഇപ്പോള്‍ കോമയിലാണ്.