KeralaNews

മുല്ലപ്പെരിയാർ സുരക്ഷിതമോ?; ആശങ്കപ്പെടാനില്ലെന്ന് വിദഗ്ധർ

കോട്ടയം: കോൺക്രീറ്റില്ലാതെ നിർമിച്ച രാജ്യത്തെ രണ്ട് വലിയ അണക്കെട്ടുകളാണ് മുല്ലപ്പെരിയാറും തുംഗഭദ്രയും. ചെളിയും ചുണ്ണാമ്പുകല്ലും ചേർന്ന സുർക്കി ഉപയോഗിച്ചാണ് രണ്ടും നിർമിച്ചത്. കേരളത്തിലെ അതിതീവ്രമഴയും വയനാട് ഉരുൾപൊട്ടലിന്റെ ഭീകരതയും മുല്ലപ്പെരിയാറിന്റെ സുരക്ഷയെപ്പറ്റി ആശങ്കയുയർത്തുന്നതിനിടെയാണ് തുംഗഭദ്ര ഡാമിന്റെ ഷട്ടർ തകർന്നിരിക്കുന്നത്.

സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാറിലേത് ഗ്രാവിറ്റി ഡാമാണ്. അടിയിൽ വീതി വളരെ കൂടുതലും മുകളിലേക്കു വീതികുറഞ്ഞും വരുന്ന രീതിയിൽ നിർമിച്ച ഭാരാശ്രിത ഡാമാണിത്.

വെള്ളം കെട്ടിനിൽക്കുന്ന ഭാഗം കുത്തനെയും മറുഭാഗം ചെരിഞ്ഞുമാണ്. ഡാമിന്റെ വലിയ ഭാരത്തെ തള്ളിമാറ്റാൻ മറുഭാഗത്തെ വെള്ളത്തിന്റെ കുറഞ്ഞ ബലത്തിന് കഴിയില്ലെന്ന ഫിസിക്സിലെ തത്ത്വമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

ആശങ്ക

129 വർഷംമുൻപ് ഡാം പണിയുമ്പോൾ സിമന്റ് ഉപയോഗത്തിലില്ലാതിരുന്നതിനാലാണ് പകരം ചുണ്ണാമ്പ് ഉപയോഗിച്ചത്. ഇത് കാലക്രമത്തിൽ വെള്ളത്തിൽ ഒലിച്ചുപോയി പാറകളുടെ പരസ്പരബന്ധം നഷ്ടപ്പെടാം. പാറകൾ ഇളകിപ്പോകാം. പാറയും ചുണ്ണാമ്പും നഷ്ടപ്പെട്ട് ഡാമിന്റെ ഭാരംകുറഞ്ഞാൽ വെള്ളം അതിനെ തള്ളിമാറ്റിയേക്കാം.

മറുവാദം

മേൽപ്പറഞ്ഞ പ്രശ്നം ഒഴിവാക്കാൻ പിൽക്കാലത്ത് മുന്നുവിധത്തിൽ ഡാമിനെ ബലപ്പെടുത്തി.

* വെള്ളത്തിന്റെ തള്ളൽ ബലം ഡാമിനെ തകർക്കാതിരിക്കാനും പാറകൾ ഇളകാതിരിക്കാനും കോൺക്രീറ്റുപയോഗിച്ച് ബലപ്പെടുത്തി. അതിലൂടെ ‍ഡാമിന്റെ ഭാരവും കൂടി.

* ‍ഡാമിന്റെ തറ വിസ്തീർണം കൂട്ടി.

* ഉരുക്കുകേബിൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ പാറയും ഡാമിന്റെ മുകളിലെ കോൺക്രീറ്റും ബന്ധിപ്പിച്ചു. വെള്ളത്തിന്റെ തള്ളൽ ഉരുക്കുകേബിളിലെ വലിവായി താഴെ പാറയിലേക്ക് കൈമാറുന്നതിനാൽ ഡാമിനുമേൽ മർദംകുറയും.

ഭൂമികുലുക്കമുണ്ടായാൽ

ഭൂമികുലുക്കംകാരണം മുല്ലപ്പെരിയാർ തകർന്നാൽ ഒറ്റയടിക്ക് ഇടുക്കി ഡാമിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തുമെന്നും ആ സമ്മർദത്തിൽ ഇടുക്കി ആർച്ച് ഡാം തകരുമെന്നുമാണ് ആശങ്ക. ആർച്ച് ഡാമിന് ഷട്ടറുകളില്ല. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാമിനാണ് അഞ്ചുഷട്ടറുള്ളത്. അതെല്ലാം തുറന്നാലും മുല്ലപ്പെരിയാറിൽ നിന്നെത്തുന്ന വെള്ളത്തെ മുഴുവൻ ഒഴുക്കിക്കളയാനാവില്ല. അതിനാൽ, ആർച്ച് ഡാം തകർന്ന് പെരിയാറിന്റെ കരകളെ വെള്ളം തകർത്തെറിയുമെന്നാണ് ആശങ്ക.

മുല്ലപ്പെരിയാർ ഡാമിന്റെ ഘടന തകർന്നാലും വലിയൊരു കൽക്കൂമ്പാരമായി അത് അവശേഷിക്കുമെന്നാണ് ഇതിനുള്ള മറുപടിയായി പറയുന്നത്. അതിനാൽ, വെള്ളം ഒറ്റയടിക്ക് കുതിച്ചൊഴുകില്ല. ഇടുക്കി ഡാമിന് ഒറ്റയടിക്ക് അമിത സമ്മർദം നേരിടേണ്ടിവരില്ല.

മുല്ലപ്പെരിയാറിന് തീരെ സുരക്ഷാഭീഷണിയില്ലെന്ന് എല്ലാ വിദഗ്ധരും ഒരുപോലെ പറയുന്നില്ല. ഒരു മനുഷ്യനിർമിതിയും അനന്തകാലത്തേക്ക് നിലനിൽക്കുന്നതല്ല. അതിനാൽ, മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിത് തമിഴ്നാടിന് തുടർന്നും വെള്ളമുറപ്പാക്കി പഴയ ഡാം പൊളിച്ച് ജനങ്ങളുടെ ആശങ്കയ്ക്ക് സർക്കാരുകൾ പരിഹാരം കണ്ടെത്തുകയാണ് ശാശ്വതപരിഹാരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker