പത്തനംതിട്ട: ആറന്മുളയില്‍ പതിമൂന്നുകാരിയായ മകളെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനും വിറ്റു. പെണ്‍കുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിനെയും ഇയാളുടെ സുഹൃത്തിനെയും ആറന്‍മുള പോലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരായയത്.
പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്റെ പരാതിയിലാണ് അമ്മയ്ക്കും അമ്മയുടെ കാമുകനും സുഹൃത്തിനുമെതിരെ ആറന്‍മുള പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയെയും അമ്മയെയും സര്‍ക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന കാര്യം വെളിപ്പെട്ടത്.
ആറന്‍മുള നാല്‍ക്കാലിക്കല്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛന്‍ ബുധനാഴ്ച്ച വൈകുന്നേരം പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച്ച രാവിലെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. പഞ്ചായത്തംഗം വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടന്ന് വ്യക്തമായി.
പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ ബിപിന്‍ ലോറി ഡ്രൈവറാണ്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മാനസികമായ ബുദ്ധിമുട്ടുളുണ്ട്. സര്‍ക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലുള്ള ഇവരുടെ വിശദമായ മൊഴി എടുത്ത ശേഷം അറസ്റ്റിലേക്ക് നീങ്ങും.
മറ്റൊരു സംഭവത്തില്‍ ഓച്ചിറയില്‍ മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്ലാപ്പനയിലെ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നു ഓച്ചിറ പോലീസ് പിടികൂടിയത്.
പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇടത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. കുടുംബം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ഡിവൈഎഫ്ഐ ക്ലാപ്പന യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘട നേതൃത്വം പറയുന്നു.