24.7 C
Kottayam
Friday, May 17, 2024

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: സുപ്രീം കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞ് ബാബ രാംദേവ്‌

Must read

ന്യൂഡൽഹി: പതഞ്ജലി പരസ്യവിവാ​ദക്കേസിൽ യോഗഗുരു ബാബാ രാംദേവ് സുപ്രീംകോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചു. കേസ് ബുധനാഴ്ച സുപ്രീംകോടതി പരി​ഗണിക്കാനിരിക്കെയാണ് രാംദേവ് മാപ്പപേക്ഷ നൽകിയിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ബാബാ രാംദേവിനെയും പതഞ്ജലിയുടെ എം.ഡി. ആചാര്യ ബാലകൃഷ്ണയെയും നേരത്തെ സുപ്രീംകോടതി വിളിച്ചുവരുത്തി രൂക്ഷമായി വിമർശിച്ചിരുന്നു.

കോടതിയലക്ഷ്യക്കേസിൽ ഇരുവരും എഴുതിനൽകിയതും നേരിട്ടുപറഞ്ഞതുമായ മാപ്പപേക്ഷ സുപ്രീംകോടതി തള്ളുകയും ചെയ്തു. തീർത്തും ധിക്കാരപരമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പുതിയ സത്യവാങ്മൂലം നൽകാനും കേസ് ഇനി പരിഗണിക്കുന്ന ഏപ്രിൽ പത്തിന് നേരിട്ട് ഹാജരാകാനും ഇരുവരോടും ആവശ്യപ്പെടുകയായിരുന്നു. അതിനാൽ രാംദേവിന് ബുധനാഴ്ച ഏറെ നിർണായകമാണ്.

രോഗശമനശേഷി അവകാശപ്പെട്ടോ മറ്റു ചികിത്സാരീതികളെ കുറ്റപ്പെടുത്തിയോ പരസ്യം നൽകില്ലെന്ന് നവംബർ 21-ന് പതഞ്ജലി സുപ്രീംകോടതിക്ക് ഉറപ്പുനൽകിയിരുന്നു. ഇതു പാലിച്ചില്ലെന്നുകാട്ടി ഐ.എം.എ. നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് പതഞ്ജലി മേധാവികളെ ജസ്റ്റിസുമാരായ ഹിമ കോലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരുടെ ബെഞ്ച് വിളിച്ചുവരുത്തിയത്.

പരസ്യങ്ങൾ നൽകിയതിന് മാപ്പപേക്ഷിച്ചുകൊണ്ട് പതഞ്ജലി നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി സ്വീകരിച്ചില്ല. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് (മാജിക് റെമഡീസ്) നിയമം പഴഞ്ചനാണെന്ന ബാലകൃഷ്ണയുടെ വാദം സുപ്രീംകോടതി തള്ളി. രാജ്യത്തെ എല്ലാ കോടതികളുടെയും ഉത്തരവുകളെ ബഹുമാനിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.

സത്യവാങ്മൂലത്തോടൊപ്പം വെച്ചിട്ടുണ്ടെന്ന് പറയുന്ന രേഖകൾ പിന്നീടാണ് നൽകിയത്. തീർത്തും കള്ളസാക്ഷ്യമാണിത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകരുതെന്ന് കോടതി പറഞ്ഞദിവസം രാംദേവ് പത്രസമ്മേളനം നടത്തിയതിനെയും ബെഞ്ച് വിമർശിച്ചു.

എന്നാൽ, ഇപ്പോൾ തങ്ങൾ പാഠംപഠിച്ചുവെന്ന് രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചപ്പോൾ, പാഠംപഠിപ്പിക്കാനല്ല തങ്ങളിവിടെ ഇരിക്കുന്നതെന്ന് ജസ്റ്റിസ് ഹിമ കോലി വ്യക്തമാക്കി. കോടതിയിൽ നൽകിയ ഉറപ്പ് പാലിച്ചുവെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലമായിരുന്നു നൽകേണ്ടിയിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, അതിന് അവസാന അവസരം നൽകിക്കൊണ്ടാണ് കേസ് ഏപ്രിൽ പത്തിലേക്ക് മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week