കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വിചാരണക്കോടതിയിലും തുറന്ന് കണ്ടെന്ന ശാസ്ത്രീയ പരിശോധനാഫലം ഞെട്ടിക്കുന്നത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഇന്‍സര്‍ട്ട് ചെയ്തതായി ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടറില്‍ ചൂണ്ടിക്കാട്ടുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്നു തവണ മാറിയിട്ടുണ്ട്.
കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തതിന്റെ തെളിവാണിതെന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തു. ഒടുവിലാണ് വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് തുറന്ന് ദൃശ്യങ്ങള്‍ കണ്ടത്. മൂന്നു കോടതിയിലും അനുമതിയില്ലാതെയാണ് ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തതെന്നും എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
ദൃശ്യങ്ങള്‍ പ്ലേ ചെയ്ത കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും വിവരങ്ങള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അന്വേഷണസംഘം ഉടന്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും.വിചാരണ കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ കണ്ടത് മൊബൈല്‍ ഫോണിലാണെന്നും എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ വ്യക്തം.
മൂന്നുതവണ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്ത കമ്പ്യൂട്ടറുകളുടെ ഐ പി അഡ്രസ്സും മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പറും റിപ്പോര്‍ട്ടിലുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും രാത്രിയാണ് ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്യപ്പെട്ടത്.
എഫ് എസ്എല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോറന്‍സിക് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അന്വേഷണം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.