KeralaNews

മേയർ ആര്യാ രാജേന്ദ്രൻ ബാഴ്‌സിലോണയിൽ, യാത്ര നഗര വികസനത്തെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാൻ

തിരുവനന്തപുരം: സ്മാർട്ട് സിറ്റി എക്‌സ്‌പോ വേൾഡ് കോൺഗ്രസിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാൻ മേയർ ആര്യാ രാജേന്ദ്രൻ ബാഴ്സിലോണയിൽ. നഗരവികസനത്തെ കുറിച്ചുള്ള ചർച്ചകളും എക്‌സ്‌പോയുമാണ് ബാഴ്സിലോണയിൽ നടക്കുന്നതെന്ന് മേയർ കുറിച്ചു.

തിരുവനന്തപുരം നഗരത്തിൽ ഫലപ്രദമായ രീതിയിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും പുതിയകാലത്തിന് അനുസൃതമായി നഗരവികസനം ആസൂത്രണം ചെയ്യാനും ഇവിടത്തെ ചർച്ചകളും എക്‌സ്‌പോയും ഗുണകരമാകും എന്നാണ് കാണുന്നതെന്ന് ആര്യ അവകാശപ്പെട്ടു. മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാഴ്‌സലോണയിൽ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ആര്യ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഫ്‌ളഡ് പ്രിവൻഷൻ ആക്ഷൻ പ്ലാൻ തയാറാക്കിയതായി മേയർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തരമായി പൂർത്തീകരിക്കേണ്ടുന്ന പ്രവർത്തികളുൾപ്പെടുത്തി നൂറ് ദിന കർമ്മ പദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടുന്ന പദ്ധതികളും ഉൾപ്പെടുന്നതാണ് ആക്ഷൻപ്ലാൻ എന്നാണ് വിവരം.

ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിലാണ് എല്ലാ വാർഡുകളിലും ഒന്നര കോടി രൂപയോളം ചെലവിട്ട് 2340 വർക്കുകളിലായി ഓടകൾ ശുചീകരിച്ചതെന്ന് മേയർ ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം നഗരത്തിൽ പെയ്‌ത അതിതീവ്ര മഴയിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ട് ഉണ്ടായത് വെട്ടുകാട് വാർഡിലെ ഈന്തിവിളാകം, ബാലനഗർ പ്രദേശങ്ങളിലായിരുന്നു.

ഈ പ്രദേശങ്ങളിൽ വെള്ളം മോട്ടോർ ഉപയോഗിച്ച് ടാങ്കറിൽ നിറച്ചു കടലിൽ ഒഴുക്കിവിടുന്ന പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഈ പ്രദേശങ്ങളിൽ നിന്നും 591 ട്രിപ്പുകളിലായി വെള്ളം നീക്കം ചെയ്തിരുന്നു. വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന മറ്റൊരു വാർഡ് കമലേശ്വരമാണ്. ഇവിടെ സക്കർ ടാങ്കറുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. മറ്റിടങ്ങളിലുള്ള വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നഗരസഭ നടത്തിവരികയാണെന്ന് മേയർ പറഞ്ഞു.

മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാതിരിക്കുവാൻ ദീർഘകാല പദ്ധതികൾ നടപ്പിലാക്കുവാൻ നഗരസഭ തീരുമാനിച്ചതായും ആര്യാ രേജാന്ദ്രൻ വിശദമാക്കിയിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് താഴ്ന്ന പ്രദേശങ്ങൾ സംരക്ഷിക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മാസ്റ്റർ പ്ലാനിൽ സംരക്ഷണ മേഖല രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിൽ ഇനിയും വെള്ളക്കെട്ട് രൂപപ്പെടാതിരിക്കുവാൻ യാതൊരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കുന്നതായിരിക്കില്ല.

നഗരത്തിലൂടെ ഒഴുകുന്ന തോടുകളിൽ വെള്ളം ഉയരുന്നത് ജനങ്ങൾക്ക് അറിയുവാൻ നിലവിൽ സംവിധാനമില്ല. ഡാമുകളിൽ വാട്ടർ ലെവൽ രേഖപ്പെടുത്തുന്ന മാതൃകയിൽ നഗരത്തിലൂടെ ഒഴുകുന്ന പട്ടം തോട്, ഉള്ളൂർ തോട്, ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള തോടുകളിൽ വെള്ളം ഉയരുന്നത് ജനങ്ങൾക്ക് മനസിലാകുവാൻ വാട്ടർ ലെവൽ മാർക്കിങ് സംവിധാനം നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ തീരുമാനിച്ചു.

തോടുകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇത് പരിശോധിക്കുവാൻ നിലവിൽ മൂന്ന് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. തോടുകളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന അനധികൃത കൈയേറ്റം കണ്ടെത്തുവാനും തീരുമാനിച്ചു. തോടുകളിൽ AI ക്യാമറകൾ സ്ഥാപിച്ചു, കൈയ്യിൽ നിന്നും തോടിലേക്ക് മാലിന്യം തെറിച്ചുപോയാൽ അപ്പോൾ തന്നെ അലാറം ലഭിക്കുകയും മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയെ പിടികൂടി നിയമ നടപടി സ്വീകരിക്കുവാനും നഗരസഭ തീരുമാനിച്ചകാര്യം മേയർ വ്യക്തമാക്കി.

അമൃത്, സ്‌മാർട്ട് സിറ്റി പദ്ധതികളിൽ ഉൾപ്പെടുത്തി സക്കിങ് കം ജെറ്റിങ് പമ്പുകളും മെഷീനുകളും വാങ്ങുവാൻ തീരുമാനിച്ചു. മഴക്കാലങ്ങളിൽ മാൻഹോളുകൾ നിറഞ്ഞു വെള്ളം ഓവർഫ്ലോ ആവുന്നത് തടയുവാൻ വാട്ടർ അതോറിറ്റിയുടെ സ്വീവേജ് വിഭാഗത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പല വീടുകളും സ്വകാര്യ സ്ഥാപനങ്ങളും മഴവെള്ളം ഡ്രൈനേജിലേക്ക് ബന്ധിപ്പിച്ചിരിക്കുകയാണെന്നും, ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്താനും തീരുമാനമായി. നഗരസഭയും വാട്ടർ അതോറിറ്റിയും സംയുക്തമായി സർവേ നടത്തുവാനും, ഡ്രൈനേജ് ബന്ധിപ്പിച്ചിരിക്കുന്നത് മാറ്റുവാൻ ആവശ്യമായ ബോധവത്കരണവും തുടർ നടപടികളും സ്വീകരിക്കുവാനും തീരുമാനിച്ചു.

അതിരൂക്ഷമായ വെള്ളക്കെട്ട് കാരണം 4 റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. തൃക്കണ്ണാപുരം വാർഡിലെ തകർന്ന റോഡിനായി 40 ലക്ഷം രൂപയുടെയും, പൊന്നുമംഗലം വാർഡിൽ തകർന്ന 2 റോഡുകൾക്കായി 19 ലക്ഷം, 15 ലക്ഷം രൂപയും, വെള്ളാർ വാർഡിൽ തകർന്ന റോഡിനായി 20 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കി നടപടികൾ സ്വീകരിച്ചു വരുന്നു. മറ്റു പ്രദേശങ്ങളിലെ റോഡുകളിൽ വലുതും ചെറുതുമായ കുഴികൾ റോഡിൽ രൂപപ്പെട്ടിരുന്നു. അത്തരം കുഴികൾ അടയ്ക്കുവാൻ നടപടികൾ സ്വീകരിച്ചു വരുന്നു. നഗരസഭയുടെ എല്ലാ വാർഡുകളിലെയും മുഴുവൻ ഓടകളും അടിയന്തരമായി വൃത്തിയാക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker