KeralaNews

കൊടി സുനിയെ വിയ്യൂർ ജയിലിൽ നിന്ന് മാറ്റി

തൃശൂര്‍: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് ടി പി വധക്കേസ് പ്രതി കൊടി സുനിയെ മാറ്റി. മലപ്പുറം തവനൂർ ജയിലിലേയ്ക്കാണ് മാറ്റിയത്. ജയിലിൽ നടന്ന സംഘർഷത്തിന്റെ പേരിലാണ് കൊടി സുനിയെ ജയിൽ മാറ്റിയതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് സുനിയെ മാറ്റി പാർപ്പിച്ചത്. ഉത്തരമേഖല ജയിൽ ഡി ഐ ജിയുടെ കീഴിലാണ് തവനൂർ ജയിൽ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റാനുള്ള നീക്കമുണ്ടെന്നാണ് സൂചന.

അടുത്തിടെ കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ ജീവനക്കാരെ ആക്രമിച്ചിരുന്നു. നാല് ജയിൽ ഉദ്യോഗസ്ഥരടക്കം അഞ്ച് പേർക്കാണ് അന്ന് ഗുരുതരമായി പരിക്കേ​റ്റത്. സംഭവത്തിൽ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും എതിരെയുളള വകുപ്പുകൾ ചേർത്ത് വിയ്യൂർ പൊലീസ് കേസെടുത്തതിന് . പിന്നാലെയാണ് സുനിയെ ജയിൽ മാറ്റിയത്.

അസി. പ്രിസൺ ഓഫീസർ അർജുൻദാസിന്റെ തോളെല്ല് പൊട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, പ്രിസൺ ഓഫീസർ വിജയകുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഓംപ്രകാശ് എന്നിവർക്കും ഒരു തടവുകാരനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഉദ്യോഗസ്ഥരുടെ ജയിൽ സന്ദർശനത്തിനിടെ രണ്ട് തടവുകാർ മട്ടൻ കൂടുതൽ അളവിൽ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്. മട്ടൻ നിശ്ചിത അളവിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ സംഘർഷം ആരംഭിച്ചു. പിന്നീട് ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്നായി ആവശ്യം. അതും ജയിൽ നിയമ പ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞതോടെ, ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനായി ശ്രമം. ഇതോടെ, ഒരു തടവുകാരൻ കുപ്പിഗ്ലാസ് പൊട്ടിച്ച് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അർജുൻദാസിന്റെ കഴുത്തിൽ കയറ്റാൻ നോക്കി. തടയാൻ ശ്രമിച്ചപ്പോൾ മറ്റ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റു.

തുടർന്ന് തടവുകാർ സംഘം ചേർന്ന് അടുക്കളയിൽ പോയി പാചകത്തിൽ സഹായിച്ചിരുന്ന തടവുകാരനെ അകാരണമായി മർദ്ദിച്ചു. അവിടെ നിന്നും ഓഫീസിൽ കയറി തടവുകാർക്ക് വീട്ടിലേക്ക് വിളിക്കാൻ ഉപയോഗിക്കുന്ന ടെലിഫോൺ തല്ലിപ്പൊളിച്ചു. കസേര, ക്‌ളോക്ക്, ഫയലുകൾ, ഇന്റർ കോം ഉൾപ്പെടെ കണ്ണിൽ കണ്ടതെല്ലാം തല്ലിപ്പൊളിച്ചു. ജയിലിന്റെ ഉള്ളിൽ നിന്നും മതിൽക്കെട്ടിനകത്തേക്ക് കടക്കുന്ന ഗേറ്റ് തള്ളിത്തുറന്നു. അപ്പോഴേക്കും മറ്റ് ജയിലുകളിൽ നിന്നും ഉദ്യോഗസ്ഥരെത്തി തടവുകാർ സെല്ലിൽ കയറണമെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തു.

പെരിയ കേസിലെ പ്രതികൾ, മാവോയിസ്റ്റ് തടവുകാർ, പി.എഫ്.ഐ, ഐസിസ് തടവുകാർ എന്നിവർ സെല്ലിൽ കയറിയിട്ടും കൊടി സുനിയും സംഘവും കയറിയില്ല. കയറാത്ത അക്രമികളായ തടവുകാരെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി സെല്ലിലാക്കുകയായിരുന്നു. എല്ലാ ആക്രമണങ്ങൾക്കും തടവുകാർക്ക് പിന്തുണ കൊടി സുനിയുടേതായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker