മോളിവുഡിന്റെ ആദ്യ ഫെറാരി ഉടമയായി ഡിക്യു; സ്വന്തമാക്കിയത് 5.40 കോടിയുടെ ജിടിബി
കൊച്ചി:ദുല്‍ഖര്‍ സല്‍മാന്റെ വാഹനപ്രേമം ഏറെ ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്റെ ഗാരേജിലേക്ക് പുതിയ ബിഎംഡബ്ല്യു സെവന്‍ സീരീസ് വന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ നടന്റെ ഗാരേജിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയിരിക്കുകയാണ്. ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ 296 ജിടിബിയാണ് നടന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഫെരാരി സ്വന്തമാക്കിയ ആദ്യ മലയാളം നടനാണ് ദുൽഖർ.
ഏറെ നാളുകൾക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി 6 പ്രൊഡക്ഷൻ കാറാണ് 296 ജിടിബി. ഫെരാരിയുടെ ഡിനോ ബ്രാന്റുകളില്‍ മാത്രമാണ് മുന്‍കാലങ്ങളില്‍ വി6 എന്‍ജിന്‍ നല്‍കിയിരുന്നത്. 2022-ലാണ് ഫെരാരി 296 ജിടിബി ഫെരാരി പുറത്തിറക്കിയത്. ദി റിയല്‍ ഫെരാരി വിത്ത് ജസ്റ്റ് സിക്‌സ് സിലിണ്ടേഴ്‌സ് എന്നാണ് ഈ മോഡലിനെ നിർമ്മാതാക്കൾ വിളിക്കുന്നത്. 5.40 കോടി രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.
3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് നൽകുന്നത്. പ്ലഗ് ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറായ 296 ജിടിബിയിൽ 3 ലീറ്റർ പെട്രോൾ എൻജിനും 6.0 കിലോവാട്ട് ബാറ്ററിയും ഉപയോഗിക്കുന്നു.
രണ്ട് പവർ സോഴ്സുകളും കൂടി ചേർന്ന് വാഹനത്തിന് 819 ബിഎച്ച്പി കരുത്ത് നല്‍കുന്നുണ്ട്. 6250 ആർപിഎമ്മിൽ 740 എൻഎം ആണ് ടോർക്ക്. വേഗം 100 കിലോമീറ്റർ കടക്കാൻ ഈ സൂപ്പർകാറിന് വെറും 2.9 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 330 കിലോമീറ്ററാണ്.