‘അദ്ദേഹം എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്, ആദ്യ ദിവസം കഴിഞ്ഞപ്പോൾ ഞാൻ കിടപ്പാകുമെന്ന് കരുതി’; മഞ്ജു
കൊച്ചി:ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ വിജയ് നായകനായി എത്തിയ വാരിസും അജിത്തിന്റെ തുനിവും റിലീസ് ചെയ്ത് കഴിഞ്ഞു. ഇരു ചിത്രങ്ങളും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. തുനിവ് ഷോകൾ തുടങ്ങിയശേഷം അജിത്തിനൊപ്പം തന്നെ കയ്യടി നേടുകയാണ് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.
തുനിവിൽ മാസ് പ്രകടനം കാഴ്ചവയ്ക്കുന്ന നടിയുടെ സ്ക്രീൻ പ്രസൻസിനും ഫൈറ്റിനുമാണ് ആരാധകർ കയ്യടിക്കുന്നത്. തലയ്ക്ക് ഒപ്പം തകർത്ത് തലൈവി എന്നാണ് സമൂഹമാധ്യമങ്ങൾ മഞ്ജു വാര്യരെ കുറിച്ച് പറയുന്നത്.
‘നിങ്ങളുടെ സ്ക്രീൻ പ്രസൻസും, ആക്ഷൻ സീക്വൻസുകളും ഗംഭീരം, കുടുതൽ തമിഴ് സിനിമകൾക്കായി കാത്തിരിക്കുന്നു, മഞ്ജു വാര്യരെ മുഴുനീള ആക്ഷൻ സിനിമകൾ ഏൽപ്പിക്കാം, മഞ്ജു വാര്യർക്ക് അഭിനന്ദനങ്ങൾ, വേറെ ലെവൽ മാ നീങ്കെ, വാട്ട് എ പെർഫോമൻസ്’ എന്നിങ്ങനെയാണ് സിനിമ കണ്ടവർ കമന്റ് ചെയ്തത്.
നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്ത് കുമാറും സംവിധായകൻ എച്ച് വിനോദും വീണ്ടും ഒന്നിച്ച ചിത്രമാണ് തുനിവ്.
ഇപ്പോഴിത തുനിവ് ഷൂട്ടിങ് എക്സ്പീരിയൻസും നടൻ അജിത്തിനൊപ്പം ബൈക്ക് റൈഡ് പോയപ്പോഴുള്ള അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
സ്റ്റണ്ട് സീക്വൻസ് ചെയ്യുമ്പോൾ കൂടെ അഭിനയിക്കുന്ന ജൂനിയേഴ്സ് വരെ സേഫ് ആയിട്ടാണോ സ്റ്റണ്ട് ചെയ്യുന്നതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്ന നടനാണ് അജിത്തെന്നാണ് മഞ്ജു വാര്യർ പറയുന്നത്.
‘അജിത്ത് സാറിലെ നടനെക്കാളും അദ്ദേഹത്തിലെ വ്യക്തിയോടാണ് ആളുകൾക്ക് സ്നേഹം കൂടുതൾ. നല്ല ആളാണ് അജിത്ത് സാറാന്നെന്ന് നേരത്തെ കേട്ടിരുന്നു. അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചത് തുനിവിന്റെ ഷൂട്ടിങ് സമത്താണ്.’
‘അജിത്ത് സാറിനൊപ്പം കുറച്ച് സമയം ചിലവഴിച്ച് കഴിയുമ്പോൾ എനിക്ക് തോന്നി ഇദ്ദേഹമെന്താ ഇങ്ങനെ? ഇങ്ങനെയൊക്കെ ഒരാൾക്ക് പെരുമാറാൻ കഴിയുമോ എന്നൊക്കെ. അദ്ദേഹത്തെ കാണാൻ വരുന്നവരോട് പോലും വളരെ റസ്പെക്ടോട് കൂടിയാണ് അദ്ദേഹം സംസാരിക്കുന്നത്. ആരെയും കാണിക്കാൻ വേണ്ടിയല്ല ആത്മാർഥമാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്ന് നമുക്ക് കാണുമ്പോൾ മനസിലാകും.’
‘സ്റ്റണ്ട് സീക്വൻസ് ചെയ്യുമ്പോൾ കൂടെ അഭിനയിക്കുന്ന ജൂനിയേഴ്സ് വരെ സേഫ് ആയിട്ടാണോ സ്റ്റണ്ട് ചെയ്യുന്നതെന്ന് അദ്ദേഹം പരിശോധിച്ച് ഉറപ്പ് വരുത്തും. എല്ലാവരും സേഫായിരിക്കണം പരിക്ക് പറ്റരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്.’
‘നമ്മൾ കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിലുണ്ട്. പതിനെട്ട് വയസിൽ അദ്ദേഹം ബൈക്ക് റേസിങ് തുടങ്ങിയതാണ്. അജിത്ത് സാറിനൊപ്പം റൈഡിന് പോയപ്പോൾ അദ്ദേഹമാണ് കോസ്റ്റ്യൂമറോട് എന്റെ അളവ് ചോദിച്ച് മനസിലാക്കി സേഫ്റ്റിക്ക് വേണ്ടി റൈഡിങ് ഗിയറും സേഫ്റ്റി ഗിയർ, ഷൂസ്, ഹെൽമെറ്റ് എല്ലാം അദ്ദേഹം ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ളത് എനിക്ക് വേണ്ടി റെഡിയാക്കി വെച്ചിരുന്നു.’
‘ആ ബൈക്ക് ട്രിപ്പ് ഞാൻ ഒരിക്കലും മറക്കില്ല. അജിത്ത് സാറിന് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യം അടുത്ത് നിന്ന് കാണാൻ പറ്റിയത് തന്നെ വലിയ കാര്യമാണ്. റൈഡേഴ്സ് തമ്മിലുള്ള കോൺവർസേഷൻ കാണാൻ നല്ല രസമാണ്.’
‘ഞാൻ തന്നെ ഒരു റൈഡറായി സാറിനൊപ്പമുള്ള ട്രിപ്പ് കഴിഞ്ഞപ്പോൾ. ബൈക്കിൽ പോകുമ്പോൾ ലേ ലഡാക്കിലെ കാഴ്ചകൾ വളരെ വ്യത്യസ്തമാണ്. കാറിലിരുന്ന് കാണുന്നത് പോലെയല്ല. ഓഫ് റോഡ് പോകുമ്പോൾ നിന്നാണ് ബൈക്ക് ഓടിച്ചിരുന്നത്.’
‘ഇരുന്നാൽ നടുവേദനയെടുക്കും. നാൽപത്തിയഞ്ച് കിലോമീറ്ററോളം നിന്നാണ് ബൈക്ക് ഓടിച്ചത്. ആദ്യം അദ്ദേഹം എന്നെ പഠിപ്പിച്ചത് ബൈക്ക് മറിഞ്ഞാൽ സ്വയം സേഫാകാനുള്ള മാർഗങ്ങളാണ്. ഓഫ് റോഡ് വരുമ്പോൾ സാറിന്റെ പില്യണാകും ഞാൻ.’
‘ഞാൻ ബൈക്കിങ് സീരിയസായി എടുത്തിരിക്കുകയാണ്. ചെറിയ ദൂരമാണെങ്കിൽ പോലും ഹെൽമെറ്റും മറ്റ് സേഫ്റ്റി സാധനങ്ങളും ധരിക്കുമെന്ന് അദ്ദേഹം എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്. ഏറ്റവും അപകടം ഉണ്ടാകാൻ സാധ്യതയുള്ള ഹോബിയാണ് ബൈക്ക് റൈഡിങെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.’
‘അത് അദ്ദേഹത്തിന് അറിയാവുന്ന എല്ലാവർക്കും പറഞ്ഞ് കൊടുത്തിട്ടുമുണ്ട്. ആദ്യത്തെ ദിവസം കഴിഞ്ഞപ്പോൾ ഞാൻ കരുതി ഇനി ഞാൻ കിടപ്പാകുമെന്ന്. പക്ഷെ രണ്ടാം ദിവസമായപ്പോൾ ഞാൻ ഫുൾ ഓണായി’ മഞ്ജു വാര്യർ പറഞ്ഞു.