രാത്രി ഒന്നരയ്ക്ക് നടി അഹാനയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന യുവാവ് കസ്റ്റഡിയില്‍; പോലീസ് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: നടി അഹാനയുടെ വീട്ടില്‍ അര്‍ധരാത്രി മതില്‍ ചാടിയെത്തിയ യുവാവ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും താമസിക്കുന്ന തിരുവനന്തപുരത്തെ വീടിന്റെ മതില്‍ ചാടി കടന്ന് യുവാവ് എത്തിയത്.
നടി അഹാനയോടുള്ള ആരാധന മൂത്ത് ഇയാള്‍ മലപ്പുറത്ത് നിന്ന് അഹാനയെ കാണാനായി തിരുവനന്തപുരത്ത് എത്തിയതാണെന്നാണ് പോലീസ് പറയുന്നത്. യുവാവിന് ചെറിയ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായും പോലീസ് അറിയിച്ചു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തില്‍ വ്യക്തത വരികയുള്ളുവെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ഇതൊരു ഭീഷണി തന്നെയായി കണക്കാക്കുന്നു എന്ന് അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാര്‍ പറഞ്ഞു. നിസാരമായി തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല, രാത്രി ഒന്നരക്കാണ് മതില്‍ ചാടിയെത്തി ബഹളം ഉണ്ടാക്കിയതെന്നും കൃഷ്ണകുമാര്‍ പറയുന്നു. യുവവാവ് മതില്‍ ചാടിക്കടന്ന് ഡോര്‍ ചവിട്ടി പൊളിക്കാന്‍ നോക്കി. പോലീസ് കൃത്യസമയത്ത് എത്തിയതിനാല്‍ വലിയ നാശനഷ്ടമോ അപകടമോ സംഭവിച്ചില്ല.
ഇയാള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വന്നതാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം, കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ് അഹാന.