വീണ്ടും ദുരഭിമാനക്കൊല! താഴ്ന്ന ജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചു; യുവതിയുടെ സഹോദരങ്ങള്‍ യുവാവിനെ കൊലപ്പെടുത്തി
പാനിപ്പത്ത്: താഴ്ന്ന ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിയുടെ സഹോദരങ്ങള്‍ യുവാവിനെ കൊലപ്പെടുത്തി. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ്(23)ആണ് മരിച്ചത്. ഒന്നര മാസം മുന്‍പാണ് നീരജും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.
താഴ്ന്ന ജാതിയില്‍പ്പെട്ട നീരജുമായുള്ള വിവാഹത്തിന് പെണ്‍കുട്ടിയുടെ കുടുംബം എതിരായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ ഇയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നീട് ഒരു ചര്‍ച്ചയ്ക്കെന്ന പേരില്‍ നീരജിനെ വിളിച്ചു വരുത്തിയതിന് ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് സംരക്ഷണം നല്‍കണമെന്ന് തങ്ങള്‍ പോലീസില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നല്‍കിയില്ലെന്ന് നീരജിന്റെ സഹോദരന്‍ ജഗദീഷ് കുറ്റപ്പെടുത്തി. സംഭവത്തില്‍ ഇതുവരെയും പ്രതികളെ പോലീസ് പിടികൂടിയിട്ടില്ല.