മമ്മൂട്ടിയുടെ ‘കാതലിന്’ ഈ ഗൾഫ് രാജ്യങ്ങളില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്; കാരണമിതാണ്..!
കൊച്ചി:കണ്ണൂര്‍ സ്‌ക്വാഡിന്റെ ഗംഭീര വിജയത്തിന് ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതല്‍- ദി കോര്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായികയായി എത്തുന്നത്. നവംബര്‍ 23 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. നെയ്മര്‍ എന്ന മലയാള സിനിമയുടെ തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് കാതലിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ആര്‍ ഡി എക്‌സ് എന്ന സിനിമയുടെ സഹതിരക്കഥാകൃത്ത് കൂടിയാണ് ആദര്‍ശ്. മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. അടുത്തിടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ രണ്ട് ദിവസങ്ങള്‍ക്കപ്പുറമുള്ള ചിത്രത്തിന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
എന്നാല്‍ ചില ജിസിസി രാജ്യങ്ങളിലെ ആരാധകരെ സംബന്ധിച്ച് നിരാശ പടര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ ജി സി സികളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കാതലിന്റെ പ്രമേയം കാരണം ഈ രാജ്യങ്ങളില്‍ കാതലിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വവര്‍ഗരതിയെക്കുറിച്ചും സ്വവര്‍ഗാനുരാഗത്തെ കുറിച്ചുമാണ് കാതല്‍ പറയുന്നതെന്നാണ് സൂചന. ഇത്തരം വിഷയങ്ങളുടെ പ്രചാരണത്തെ നിരുത്സാഹപ്പെടുത്തുന്ന കര്‍ശന നിയമങ്ങള്‍ കാരണമാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
നേരത്തെ വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ 2022 ലെ ആക്ഷന്‍ ത്രില്ലര്‍ ‘മോണ്‍സ്റ്റര്‍’ എല്‍ജിബിടിക്യു ഉള്ളടക്കത്തിന്റെ പേരില്‍ ഒന്നിലധികം രാജ്യങ്ങളില്‍ വിലക്കിയിരുന്നു. മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായ കഥാപാത്രം ചെയ്യുന്നത് ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഒരു നായകനടനും ചെയ്യാന്‍ ധൈര്യപ്പെടാത്ത വേഷമായിരിക്കും ഇത് എന്നാണ് ചിലരുടെ വിലയിരുത്തല്‍.
2019 മുതല്‍ മമ്മൂട്ടിയുടെ വര്‍ഷം ആണ് എന്നാണ് മറ്റൊരു ആരാധകന്റെ നിരീക്ഷണം. ഉണ്ട, മാമാങ്കം, ഷൈലോക്ക്, ഭീഷ്മ പര്‍വ്വം, റോര്‍ഷാച്ച്, നന്‍പകല്‍ നേരത്ത് മയക്കം, പുഴു, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി കലാമൂല്യവും ജനപ്രിയവുമായ നിരവധി ചിത്രങ്ങളിലാണ് മമ്മൂട്ടി ഈ വര്‍ഷങ്ങൡ വേഷമിട്ടിരിക്കുന്നത്. മമ്മൂട്ടിയെയും ജ്യോതികയെയും കൂടാതെ, ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.