അമ്മയുമായി വഴിയില്‍ വഴക്കിടുന്നത് കണ്ട് അവസരം തന്ന സംവിധായകന്‍! മനസ് തുറന്ന് മഹിമ
കൊച്ചി:ആര്‍ഡിഎക്‌സിലെ മിനിയായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന സിനിമയിലൂടെയാണ് മഹിമ അരങ്ങേറുന്നത്. പക്ഷെ മലയാളത്തേക്കാള്‍ കൂടുതല്‍ തമിഴിലാണ് മഹിമയെ തേടിവേഷങ്ങളെത്തിയിരുന്നത്. മലയാളത്തില്‍ നല്ല വേഷങ്ങള്‍ എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന് വിഷമിച്ചിരുന്നു ഒരുകാലത്ത് മഹിമ.
ആ വിഷമം ആര്‍ഡിഎക്‌സിലൂടെ മാറിയിരിക്കുകയാണ്. ആര്‍ഡിഎക്‌സ് വന്‍ വിജയമായി മാറിയതോടെ ചിത്രത്തിലെ മഹിമയുടെ നായികയും കയ്യടി നേടി. ആര്‍ഡിഎക്‌സിലൂടെ ധാരാളം ആരാധകരെയാണ് മഹിമ നേടിയെടുത്തത്. സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെയാണ് മഹിമ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ഇപ്പോഴിതാ തനിക്ക് ആദ്യ സിനിമയിലേക്കുള്ള അവസരം ലഭിച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് മഹിമ.
ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് മഹിമ മനസ് തുറന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി സിനിമ തന്നെ തേടി ഇങ്ങോട്ട് വരികയായിരുന്നുവെന്നാണ് മഹിമ പറയുന്നത്.
ചെറുപ്പം തൊട്ടേ സിനിമയില്‍ അഭിനയിക്കണം എന്നൊക്കെ ഭയങ്കര ആഗ്രഹമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ കൂട്ടുകാര്‍ ഓടിക്കളിക്കുമ്പോള്‍ ഞാന്‍ അതിനൊന്നും പോകില്ല. എവിടെയെങ്കിലും തട്ടി വീഴും, കയ്യിലും കാലിലുമൊക്കെ മുറിവ് വരും. സിനിമയില്‍ വരുമ്പോള്‍ അതൊക്കെ കാണും എന്നായിരുന്നു ചിന്ത. രണ്ടിലോ മൂന്നിലോ പഠിക്കുമ്പോള്‍ മുതലേ അതെന്റെ മനസിലുണ്ടായിരുന്നു. അഞ്ചിലും ആറിലുമൊക്കെ എത്തിയപ്പോള്‍ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കാന്‍ തുടങ്ങിയിരുന്നുവെന്നും മഹിമ പറയുന്നു.
”ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ളത് കിലുക്കം സിനിമയിലെ ഞാനിത്രമാേ്രത ചെയ്തുള്ളൂവെന്ന് പറയുന്ന രംഗമാണ്. എനിക്ക് നല്ല ഓര്‍മ്മയുണ്ട്. എങ്ങാനും ഓഡിഷന് വിളിച്ചാല്‍ തയ്യാറായിരിക്കണം എന്നു കരുതി ആ രംഗം പഠിച്ചു വച്ചിരുന്നു. അതുപോലെ പണ്ടൊക്കെ കരയുമ്പോള്‍, നന്നായി കരയുമ്പോള്‍ ഞാന്‍ പോയി കണ്ണാടിയില്‍ നോക്കുമായിരുന്നു. കരയുമ്പോള്‍ എന്നെ കാണാന്‍ എങ്ങനെയാണെന്നറിയാന്‍. നാച്വറല്‍ ആണേല്‍ സിനിമയില്‍ ഉപയോഗിക്കാലോ?” മഹിമ പറയുന്നു.
ഫുള്‍ സിനിമയായിരുന്നു മനസില്‍. പക്ഷെ എനിക്ക് സിനിമാ പശ്ചാത്തലമോ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആളുകളോ ഇല്ലായിരുന്നു. പക്ഷെ, ഒരു കാര്യം ഭയങ്കരമായി ആഗ്രഹിച്ചാല്‍ അത് നടക്കും എന്ന് പറയില്ലേ. അതുപോലെയാണ് എനിക്ക് സംഭവിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു എനിക്ക് സിനിമയിലേക്ക് ലഭിച്ച അവസരമെന്നാണ് മഹിമ പറയുന്നത്.
ഒരു ദിവസം ഞങ്ങള്‍ കുടുംബസമേതം ബേക്കല്‍ കോട്ടയില്‍ പോയിരുന്നു. അതേസമയം തന്നെ അവിടെയൊരു സംവിധായകനുമുണ്ടായിരുന്നു. അദ്ദേഹം ലൊക്കേഷന്‍ നോക്കാനെന്തോ വന്നതായിരുന്നു. ഞാന്‍ അമ്മയോട് വഴക്കിടുന്നത് കണ്ട ആ സംവിധായകന്‍ അച്ഛനെ മാറ്റി നിര്‍ത്തി സംസാരിക്കുകയായിരുന്നു. താനൊരു തമിഴ് സിനിമ ചെയ്യുകയാണെന്നും മകള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നും ചോദിച്ചുവെന്നും മഹിമ പറയുന്നു.
ഞാനന്ന് എട്ടിലോ ഒമ്പതിലോ ആണ് പഠിക്കുന്നത്. അത് അമല പോളിന്റെ ആദ്യത്തെ തമിഴ് സിനിമയായിരുന്നു. നായികയുടെ സഹോദരിയുടെ വേഷത്തിലേക്കായിരുന്നു ചോദിച്ചത്. എനിക്ക് ഭയങ്കര ആവേശമായിരുന്നു. എനിക്കൊരു സിനിമാ പശ്ചാത്തലവുമില്ല. എങ്ങനെ ബന്ധപ്പെടണമെന്നൊന്നും അറിയില്ല. പരീക്ഷയുടെ സമയമായിരുന്നു. അതിനാല്‍ പരീക്ഷ കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വിളിച്ചപ്പോള്‍ ആ വേഷം മറ്റൊരു അഭിനേത്രിയ്ക്ക് പോയിരുന്നുവെന്നാണ് മഹിമ പറയുന്നത്.
അതെനിക്ക് ഭയങ്കര വിഷമുണ്ടാക്കി. പക്ഷെ അവിടെയുള്ള എന്റെ ഫോട്ടോസ് കണ്ടാണ് കാര്യസ്ഥനിലേക്ക് അയച്ചു കൊടുക്കുന്നത്. അങ്ങനെയാണ് എല്ലാം കണക്ടാകുന്നതെന്നും മഹിമ പറയുന്നു.