CrimeNationalNews

ഒരുമിച്ച് താമസിച്ച് തുടങ്ങിയിട്ട്‌ 3 ദിവസം; ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞു: ഒടുവില്‍ മരണത്തിലേക്ക്

ബെംഗളൂരു: ഒരുമിച്ചു ജീവിതം ആരംഭിച്ച് വെറും മൂന്നു ദിവസം മാത്രം പിന്നിടുമ്പോഴാണ്, ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ ഇരുപത്തൊൻപതുകാരനായ മലയാളി യുവാവും ഇരുപതുകാരിയായ ബംഗാളി യുവതിയും തീകൊളുത്തി മരിച്ചത്. ഇടുക്കി കരുണാപുരം കീരൻചിറക്കുന്നേൽ കെ.സി.ഏബ്രഹാമിന്റെ മകൻ അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്മെന്റിൽ തീകൊളുത്തി മരിച്ചത്.

സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. കൊൽക്കത്ത സ്വദേശിനിയായ സൗമിനി വിവാഹിതയായിരുന്നു. അബിലുമായുള്ള ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് നിഗമനം.

നഴ്സിങ് പഠനം പൂർത്തിയാക്കിയ അബിൽ കൊത്തനൂരില്‍ നഴ്സിങ് ഏജന്‍സി നടത്തുകയായിരുന്നു. ഈ ഏജന്‍സിയില്‍ അവധി ദിനങ്ങളിൽ സൗമിനി പാര്‍ട്ട് ടൈമറായി ജോലി നോക്കിയിരുന്നതായാണ് വിവരം. ഇതിനിടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഇരുവരും പരിചയപ്പെട്ടിട്ട് മാസങ്ങളായതേയുള്ളൂ. പ്രണയത്തിലായതോടെ ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.

മൂന്നു മാസം മുൻപ് സൗമിനി കൊൽക്കത്തയിൽ പോയിരുന്നു. ഭർത്താവ് ഉപദ്രവിക്കുന്നതായും വിവാഹബന്ധം വേർപ്പെടുത്തണമെന്നും വീട്ടിൽ ആവശ്യപ്പെട്ടിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇനി മടങ്ങിവരില്ലെന്ന് ഭർത്താവിനെ അറിയിച്ച ശേഷമാണ് അന്ന് ബെംഗളൂരുവിലേക്ക് തിരിച്ചു പോന്നതെന്നാണ് വിവരം. പിന്നീട് അബിലുമായുള്ള സൗമിനിയുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭർത്താവ് ഇതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാക്കിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച സൗമിനിയുടെ ഭർത്താവ് ഇവരെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പറയുന്നു.

ഇതിനു പിന്നാലെയാണ് ഇരുവരും പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്നാണ് വിവരം. ഞായറാഴ്ച ഇരുവരും പെട്രോൾ വാങ്ങിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

അപ്പാർട്മെന്റിന്റെ നാലാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. ഉച്ചയോടെ ഇവരുടെ മുറിയിൽ നിന്ന് പുക ഉയരുന്നത് അടുത്തു താമസിക്കുന്നവരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. അയൽക്കാർ വാതിൽ തകർത്ത് ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിൽ വച്ചും മരിച്ചു.

ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. കൊത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker