ഇത് അവസാനത്തെ ​ഗുഡ്മോണിം​ഗ് ആയിരിക്കും..ഫേസ്ബുക്കിൽ പോസ്റ്റ് ​ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ മരിച്ചു

മുംബൈ:ഇതെന്റെ അവസാനത്തെ പ്രഭാതമായിരിക്കും. ചിലപ്പോൾ ഇവിടെ വെച്ച് നിങ്ങളെ ഇനി കാണാനായെന്ന് വരില്ല.’ ഇങ്ങനെ ഫെയ്സ്ബുക്കിൽ കുറിച്ചാണ് ഡോക്ടർ മനീഷ ജാദവ് ഈ ലോകത്തോട് വിട പറഞ്ഞത്. കോവിഡിനോട് പോരാടിയാണ് ഡോക്ടർ മരണത്തെ വരിച്ചത്. ശനിയാഴ്ച്ചയാണ് മനീഷ ഇത്തരത്തിൽ ഫെയസ്ബുക്ക് പോസ്റ്റിട്ടത്. തിങ്കളാഴ്ച്ച ഇവർ മരണമടഞ്ഞു.

മഹാരാഷ്ട്രയിലെ സേവരി ടിബി ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫീസറാണ് അമ്പത്തൊന്നുകാരി മനീഷ.

Read Also

മനീഷ ജാദവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ

ചിലപ്പോൾ ഇതെന്റെ അവസാനത്തെ പ്രഭാതമായിരിക്കും. ഇവിടെ വെച്ച് നിങ്ങളെ ഇനി കാണാൻ സാധിച്ചെന്ന് വരില്ല. ശരീരമാണ് മരിക്കുന്നത് ആത്മാവല്ല.ആത്മാവ് അജയ്യനാണ്.രോഗികളെ പരിചരിക്കുന്നതിനോടൊപ്പം ഹോസ്പിറ്റലിലെ ഭരണനിർവഹണകാര്യങ്ങളിലും അതീവ നിപുണയായിരുന്നു മനീഷ

കൊവിഡ് വ്യാപനത്തേത്തുടര്‍ന്ന് മുംബൈ നഗരം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന ഡോ.തൃപ്തി ഗിലാഡയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ഞങ്ങൾ തീർത്തും നിസ്സഹായരാണ്, ഇത്തരമൊരു സാഹചര്യം ആദ്യമായാണ് കാണുന്നത്, ആളുകൾ നെട്ടോട്ടമോടുകയാണ്…’ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിൽ കോവിഡ് ബാധിച്ച് ആളുകൾ ചികിത്സ തേടി ആശുപത്രികൾ കയറിയിറങ്ങുമ്പോൾ, രോഗികൾക്ക് ഇടം നൽകാനാവാതെ ആശുപത്രികൾ നിറഞ്ഞ് കവിയുമ്പോൾ, രോഗികൾക്കാവശ്യമായ ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയാതെ വരുമ്പോൾ ആതുരസേവനത്തിനായി ജീവിതം മാറ്റി വെച്ച ഒരു മുംബൈ ഡോക്ടർക്ക് തന്റെ നിറയുന്ന കണ്ണുകളെ നിരാശയോടെ ഇടക്കിടെ തുടയ്ക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ.

സമയക്രമമില്ലാതെ രോഗികളെ പരിശോധിച്ചും കോവിഡിന്റെ ഭീകരതയെ അനുഭവിച്ചറിഞ്ഞും തളർന്ന ഡോക്ടർ തൃപ്തി ഗിലാഡയ്ക്ക് നമ്മോട് പറയാൻ ചിലതുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ അപര്യാപ്തത, ദിനം പ്രതി വർധിക്കുന്ന രോഗികളുടെ എണ്ണം, ഓക്സിജൻ ക്ഷാമം, അവശ്യമരുന്നുകളുടെയും വാക്സിന്റെയും ലഭ്യതക്കുറവ്…തുടങ്ങി കോവിഡിന്റെ മുന്നിൽ നാമോരോരുത്തരും എത്ര നിസ്സഹായരാണെന്ന് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെ ഡോക്ടർ ചൊവ്വാഴ്ച സംസാരിച്ചു.

‘ഇന്നു വരെ ഇങ്ങനെയൊരു സാഹചര്യം കാണേണ്ടി വന്നിട്ടില്ല…ഞങ്ങൾക്ക് ഒന്നും ചെയ്യാനാവുന്നില്ല…മറ്റു ഡോക്ടർമാരെ പോലെ ഞാനും വിഷമത്തിലാണ്, എന്താണ് ചെയ്യേണ്ടതെന്നറിയില്ല, എന്റെ ദുഃഖം നിങ്ങളോട് പങ്കു വെച്ചാൽ, ഒരു പക്ഷെ നിലവിലെ സാഹചര്യത്തെ കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്താനായാൽ എന്റെ മനസിന് കുറച്ച് സമാധാനം ലഭിക്കുമായിരിക്കും’-ഡോക്ടർ പറയുന്നു.

‘ഞങ്ങൾ ഡോക്ടർമാർക്ക് ഒരു പാട് രോഗികളെ പരിചരിക്കേണ്ടതുണ്ട്. ആശുപത്രികളിലിടമില്ലാത്തതിനാൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും വീടുകളിലാണ് ചികിത്സ നൽകുന്നത്. ഞങ്ങൾക്കത് ഉൾക്കൊള്ളാവുന്ന കാര്യമല്ല…’.ഡോക്ടർ തൃപ്തിയ്ക്ക് ദുഃഖമടക്കാനാവുന്നില്ല. തന്റെ കണ്ണുകൾ തുടച്ച് ഓരോരുത്തരും ചെയ്യേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ വീഡിയോയിൽ തുടരുന്നു.

സ്വയം സുരക്ഷിതരായിരിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇതു വരെ കോവിഡ് പിടിപെട്ടിട്ടില്ലാത്തവരും രോഗം വന്നു പോയവരും തങ്ങൾ സൂപ്പർ ഹീറോകളാണെന്ന് കരുതാതിരിക്കുക. ചെറുപ്പക്കാരായതിനാൽ രോഗം ബാധിക്കില്ലെന്ന് കരുതുന്നതും തെറ്റ്. ഇപ്പോൾ ചെറുപ്പക്കാരിലാണ് രോഗബാധ അധികം കണ്ടു വരുന്നത്, അവരെ ഞങ്ങൾക്ക് സഹായിക്കാനുമാകുന്നില്ല. നിങ്ങളാരും ഈ സാഹചര്യത്തെ അഭിമുഖീകരിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു’- 35 വയസ് പ്രായമുള്ള ഒരു കോവിഡ് രോഗി വെന്റിലേറ്ററിൽ ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണെന്ന് സൂചിപ്പിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു.

‘കോവിഡ് എല്ലായിടത്തുമുണ്ട്. എന്തെങ്കിലും കാരണവശാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നാൽ തീർച്ചയായും മാസ്ക് ധരിക്കുക. മൂക്ക് പൂർണമായും ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.

മൂന്നാമത്തെ കാര്യം…നിങ്ങൾക്ക് അസുഖം അനുഭവപ്പെട്ടാൽ പരിഭ്രമിക്കാതിരിക്കുക. അടുത്തുള്ള ചികിത്സാകേന്ദ്രവുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക. നിങ്ങൾ സ്വയം സമ്പർക്കവിലക്കേർപ്പെടുത്തുക, ഡോക്ടറുമായി ബന്ധപ്പെടുക, ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സൗകര്യം പരിമിതമായതിനാൽ ഞങ്ങൾ ഡോക്ടർമാർ രോഗിയെ പരിശോധിച്ച ശേഷം ചികിത്സാകാര്യങ്ങൾ തീരുമാനിക്കാം’.

താൻ മാത്രമല്ല രാജ്യത്തെ ഡോക്ടർസമൂഹം മുഴുവനും നിലവിലെ സാഹചര്യത്തിൽ ആശങ്കാകുലരാണെന്ന് ഡോക്ടർ തൃപ്തി പറയുന്നു. വാക്സിൻ സ്വീകരിക്കേണ്ട ആവശ്യകതയെ കുറിച്ചും ഡോക്ടർ വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. രോഗം തീവ്രമാകാതിരിക്കാൻ വാക്സിൻ തീർച്ചയായും സഹായിക്കുമെന്ന് ഡോക്ടർ കൂട്ടിച്ചേർക്കുന്നു.

ഡോക്ടർ തൃപ്തി മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മറ്റു ഡോക്ടർമാരും സമാനമായ രീതിയിൽ ജനങ്ങളോട് അഭ്യർഥനയുമായെത്തിയിട്ടുണ്ട്. ഓക്സിൻ ദൗർലഭ്യത മൂലം ആയിരക്കണക്കിന് രോഗികൾ ബാധിക്കപ്പെട്ടതായി ഡൽഹിയിലെ ചില പ്രമുഖ ആശുപത്രി അധികൃതർ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയിൽ 18000 ഡോക്ടർമാക്ക് കോവിഡ് ബാധിച്ചു ഇതിൽ 168 പേർ മരണപ്പെട്ടു.കൊവി‍ഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായിരിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആവശ്യപ്പെട്ടും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചും നിരവധി ഡോക്ടർമാരാണ് സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തുന്നത്.