‘വൈകുന്നേരത്തെ ടി വി ചർച്ചകളിൽ സി.പി.എം പങ്കെടുക്കേണ്ടതുണ്ടോ എന്ന് ഗൗരവപൂർവം ചർച്ച ചെയ്യും’ എം.വി ഗോവിന്ദൻ

തിരുവനന്തപുരം: വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളിലേക്ക് പ്രതിനിധികളെ അയക്കേണ്ടതുണ്ടോ എന്ന കാര്യം പാര്‍ട്ടി ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്‍വര്‍ വിഷയത്തില്‍ എന്തുകൊണ്ടാണ് ചാനല്‍ ചര്‍ച്ചകളിലേക്ക് സി.പി.എം. പ്രതിനിധികളെ അയക്കാത്തത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.വി. ഗോവിന്ദന്‍.

'എന്തിനാണ് ഈ വിഷയം ഇതിനുമാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യം? വരേണ്ട കാര്യമില്ല. ഞങ്ങള്‍ക്ക് ഒരു പ്രതിസന്ധിയുമില്ല. ഞങ്ങള്‍ക്ക് പ്രതിസന്ധി ഇല്ലാത്തതുകൊണ്ടല്ലേ വരാത്തത്. നിങ്ങളെന്തും പറഞ്ഞോ. ഈ വിഷയം മാത്രമല്ല. പലേ വിഷയത്തെ സംബന്ധിച്ചും ആലോചിക്കേണ്ടതുണ്ട്. നിങ്ങള് ഇങ്ങനെ വൈകുന്നേരം വൈകുന്നേരമാകുമ്പൊ ഇരുന്ന് കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാന്‍ വേണ്ടിയിട്ടുള്ള ഒരു ചര്‍ച്ചയും ആ ചര്‍ച്ചയുടെ ഭാഗമായിട്ട് ഞങ്ങളുടെ ഏതെങ്കിലുമൊരാളെ വിളിക്കും. പതിനഞ്ചാളെ വേറെയും വിളിക്കും. എന്നിട്ട് എല്ലാവരും കൂടി ചേര്‍ന്ന് സി.പി.എമ്മിന് വിരുദ്ധമായ ഒരു ആശയം ഉത്പാദിപ്പിക്കുന്ന ഈ വൈകുന്നേരത്തെ ചര്‍ച്ചയില്‍ സി.പി.എം. പങ്കെടുക്കേണ്ടതുണ്ടോ എന്ന കാര്യം ഞങ്ങള് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യാന്‍ പോകുകയാണ്.' -എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാതി സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് പരിശോധിച്ചുവെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. പരാതിയില്‍ പത്തനംതിട്ട എസ്.പി. ആയിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. പി.വി. അന്‍വറിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അത് ഭരണതലത്തില്‍ പരിശോധിക്കേണ്ടതാണെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ പി.വി. അന്‍വര്‍ പരാതി നല്‍കിയിട്ടില്ല. എഴുതി നല്‍കിയിട്ടുള്ള പരാതികളിലൊന്നും പി. ശശിയെ സംബന്ധിച്ച കാര്യങ്ങളില്ല. ടി.വിയില്‍ പറയുന്നതല്ലാതെ ഇന്നയിന്ന കാര്യങ്ങളാണ് എന്ന രീതിയില്‍ പാര്‍ട്ടിയോട് ശശിയെ പറ്റി പറഞ്ഞിട്ടില്ല. അതുകൊണ്ട് പി. ശശിക്കെതിരേ എന്തെങ്കിലും കാര്യങ്ങളിലേക്ക് പാര്‍ട്ടി കടക്കേണ്ടതില്ല. പാര്‍ട്ടി തലത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റെ മാധ്യമത്തില്‍ വന്ന വാര്‍ത്ത വെച്ചാണ് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News