മുഖ്യമന്ത്രി ഒപ്പുവെച്ചു,എം ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ (M Sivasankar) സസ്പെൻഷൻ പിൻവലിച്ചു (Suspension Withdrawn). സസ്പെൻഷൻ കാലാവധി തീർന്ന ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. പുതിയ നിയമനം എവിടെ എന്ന കാര്യത്തിൽ തീരുമാനം പിന്നീടുണ്ടാകും.
സ്വർണക്കടത്തു കേസിൽ പ്രതിയായതോടെ ഒന്നര വർഷമായി സസ്പെൻഷനിലായിരുന്നു ശിവശങ്കർ. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ഉദ്യോഗസ്ഥൻ്റെ തിരിച്ചുവരവാണ് ഇതോടെ സാധ്യമാകുന്നത്.
നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു സസ്പെൻഷൻ. പിന്നീട് കസ്റ്റംസും, എൻഫോഴ്സമെന്‍റും, വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതിചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽ വാസം അനുഭവിച്ചു.
ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. ഈ കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാൻ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ മാസം 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനായിരുന്നു കത്ത്. പക്ഷെ കസ്റ്റംസ് വിവരങ്ങള്‍ അറിയിച്ചില്ല. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വർഷമായി സസ്പെൻഷിലുള്ള ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നുമായിരുന്നു സമിതിയുടെ ശുപാർശ.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് വൻകിട പദ്ധതികളുടെയും സ്വപ്ന പദ്ധികളുടെയും മുഖ്യ ആസൂത്രണകനായ ഉദ്യോഗസ്ഥൻ വീണ്ടും നിർണായക പദവിയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സർവ്വീസ് കാലാവധി.