കോവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ച് മഹാനഗരങ്ങള്‍; ഡല്‍ഹിയില്‍ കര്‍ഫ്യൂ, മുംബൈ ലോക്ഡൗണിലേക്ക്
മുംബൈ: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങൾ. ഡൽഹിയിൽ സർക്കാർ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. കോവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയിൽ തുടർന്നാൽ മുംബൈയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും. ഇരു നഗരങ്ങളിലെയും കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയർന്നതാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണമായത്.
വാരാന്ത്യ കർഫ്യൂവിന് പുറമെ ഡൽഹിയിൽ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സർവീസുകൾ മാറ്റമില്ലാതെ തുടരും. അവശ്യ സർവീസുകളിൽ ഉള്ള ജീവനക്കാർ ഒഴികെയുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച 4,099 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച അത് 5,481 ആയി ഉയർന്നു. ഏഴ് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതിദിന കോവിഡ് കേസുകൾ 20,000 കവിഞ്ഞാൽ മുംബൈയിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് മുംബൈ മേയർ കിഷോരി പട്നേക്കർ പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടുത്തദിവസം വാർത്താസമ്മേളനം വിളിക്കും. നഗരത്തിലെ ആൾക്കൂട്ടത്തിൽ കുറവുവന്നില്ലെങ്കിൽ മിനി ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്നും മേയർ പറഞ്ഞു.
കഴിഞ്ഞദിവസം മുംബൈയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 8,082 ആണ്. ഏപ്രിൽ 18 ന് ശേഷം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 40 പുതിയ ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ മുംബൈയിലെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 368 ആയി.