26.7 C
Kottayam
Tuesday, April 30, 2024

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Must read

ന്യൂഡല്‍ഹി: ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന്  അവസാനിക്കും. 102 മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നാളെ പ്രചാരണം നടത്തും.  രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും നാളെ സംയുക്ത വാർത്തസമ്മേളനവും വിളിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിയുടെയും മോദിയുടെയും പ്രധാനശ്രദ്ധ ദക്ഷിണേന്ത്യയിലായിരുന്നു. ബംഗാളിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും മോദി തുടർച്ചയായ  റാലികളും റോഡ് ഷോകളും നടത്തി.

കെജ്രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണെങ്കിലും ആദ്യഘട്ട തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്‍റെ ശക്തിപ്രകടനമായി ദില്ലിയിലെ റാലി മാറി. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഹിന്ദി മേഖലയില്‍ പാർട്ടിക്ക് ഊർജ്ജം നല്കിയെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും മധ്യപ്രദേശിലും രാജസ്ഥാനിലും റാലികള്‍ നടത്തി.  ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ വടക്കൻ മേഖലകളില്‍ മമത ബാനർജിയുടെ നേതൃത്വത്തില്‍ ശക്തമായി പ്രചാരണം നടന്നു.  തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യത്തിന്‍റെ  പ്രചാരണം ഏറ്റെടുത്തത്   ഡിഎംകെ.

രാഹുല്‍ഗാന്ധിയുടെ പ്രചരണം ഒറ്റദിവസം മാത്രമാക്കിയത് തമിഴ്നാട്ടില്‍  ബിജെപിക്കും ഡിഎംകെയ്ക്കും ഇടയിലുള്ള മത്സരം എന്ന സന്ദേശം വോട്ടർമാർക്ക് നല്കാനാണ്. രാമക്ഷേത്രം, ആർട്ടിക്കിള്‍ 370, മട്ടൻ വിവാദം , കെജ്രിവാളിന്‍റെ അറസ്റ്റ്, സന്ദേശ്ഖലി, ഇലക്ട്രല്‍ ബോണ്ട് വിഷയങ്ങളാണ് അദ്യഘട്ടത്തില്‍ പ്രചാരണത്തില്‍ ഉയർന്നത്.

നാളെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ നടക്കും . അസമിലും ത്രിപുരയിലും മോദി റാലികള്‍ നടത്തും. പടിഞ്ഞാറൻ യുപിയില് രാഹുലും അഖിലേഷും പങ്കെടുക്കുന്ന സമാജ്‍വാദി പാര്‍ട്ടി കോണ്‍ഗ്രസ് സംയുക്ത റാലികള്‍ ഉണ്ടായിരുന്നില്ല.  എന്നാല്‍ ഇരുവരും നാളെ ഗാസിയബാദില്‍ സംയുക്ത വാർത്തസമ്മേളനം നടത്തുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week