എറണാകുളം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ മരട് നഗരസഭയിലും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കാറ്റഗറി ഡി യില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലാണ് കടുത്ത നിയന്ത്രണം. എ, ബി, സി കാറ്റഗറികള്‍ക്ക് പോസിറ്റിവിറ്റി നിരക്കനുസരിച്ച് ഇളവുകളുണ്ട്.
ഇന്നലെ 1,727 പേര്‍ക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ജില്ല പ്രതിദിന കൊവിഡ് കണക്കില്‍ രണ്ടാം സ്ഥാനത്തായിരുന്നു. മരടില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണാണ്.
അതേസമയം സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ജിംനേഷ്യങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എ, ബി, സി കാറ്റഗറികളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാം. ഹോട്ടലുകളില്‍ രാത്രി 9.30 വരെ പാഴ്സല്‍ സര്‍വീസുണ്ടാകും. ഓട്ടോറിക്ഷകള്‍ രണ്ട് യാത്രക്കാരെ കയറ്റി ഓടിക്കാം.
സംസ്ഥാനത്ത് ഇന്നലെ 15,600 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്.