ലോക്ക് ഡൗണ്‍ നീട്ടുമോ? രാജ്യത്ത് രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവില്ല
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് നാല്‍പതു ദിവസം പിന്നിടുമ്പോഴും പല സംസ്ഥാനങ്ങളിലും കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുകയാണ്. കേരളം അടക്കം ചില സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗബാധയും മരണനിരക്കും കൂടുകയാണ്.
ഇതുകൊണ്ടു തന്നെ രാജ്യത്തെ പൊതുവായ അടച്ചിടല്‍ നീട്ടുമോ അതോ സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കി ലോക്ക്ഡൗണ്‍ പുന:ക്രമീകരിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി , തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് ഗണ്യമായി ഉയരുകയാണ്. കര്‍ശന ലോക്ക്ഡൗണിനിടയിലും ഈ സംസ്ഥാനങ്ങളിലെ രോഗവ്യാപനത്തിന്റെ തോത് ആശങ്ക പടര്‍ത്തുന്നതാണ്.
മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് രോഗബാധിതരുടെ എണ്ണം 15,000 കടന്നു. ധാരാവിയിലെ സ്ഥിതി ഏറെ അപകടകരമായി തുടരുകയാണ്. ചൊവ്വാഴ്ച ഇവിടെ 55പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. മൊത്തം 666 പേര്‍ക്കാണ് ഈ ചേരിപ്രദേശത്ത് രോഗമുള്ളത്. ഏപ്രില്‍ ഒന്നിന് ഒരാള്‍ക്ക് സ്ഥിരീകരിച്ച രോഗമാണ് ഒരു മാസത്തിനുള്ളില്‍ ഇത്രയും പേരിലേയ്ക്ക് പടര്‍ന്നത്.
രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ മുംബൈയില്‍ 144 പ്രഖ്യാപിച്ചിരിക്കുയാണ്. രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ അത്യാവശ്യത്തിനു മാത്രമല്ലാതെ ആരും പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമണുള്ളത്. ഗുജറാത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ചൊവ്വാഴ്ച മാത്രം 441 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 44 പേര്‍ പേരാണ് ഇന്നലെ മരിച്ചത്.
ഡല്‍ഹിയിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. രോഗികളുടെ എണ്ണം 5,000 കടന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട്ടില്‍ സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. ചെന്നൈ നഗരത്തില്‍ മാത്രം ഇന്നലെ 279 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നഗരമേഖലകളിലാണ് രോഗവ്യാപനം രാജ്യത്ത് വലിയ തോതില്‍ നടക്കുന്നത്.