26.6 C
Kottayam
Thursday, March 28, 2024

സംസ്ഥാനത്ത് ലോക്ക് ഡൗൺ തീരുമാനം അടുത്തയാഴ്ച, നാളെ മുതൽ കർശനനിയന്ത്രണങ്ങൾ

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് നാളെ മുതൽ കടക്കും. ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടായിരുന്നതിൽ ഒരു പടി കൂടി മുന്നിലുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. ആ രീതിയിലേ ഇതിനെ തടയാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു

”കൊവിഡ് മാനദണ്ഡം പാലിക്കലാണ് ഏറ്റവും പ്രധാനം. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുകയും പ്രധാനമാണ്. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള ഉൽപ്പാദന-നിർമ്മാണ പ്രവർത്തനങ്ങളും നടക്കട്ടെയെന്നാണ് സ്വീകരിച്ച നില. ഓരോ സ്ഥലത്തും കൊവിഡ് മാനദണ്ഡം പാലിക്കണം. നാട് നല്ല പോലെ സഹകരിക്കുന്നുണ്ട്. അത് ശക്തിപ്പെടുത്തി കൊവിഡിനെ പ്രതിരോധിക്കാനാവണം”, മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങൾ ഇങ്ങനെ:

# അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം നാളെ മുതലുണ്ടാകും.

# സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്‍റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം.

# അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം

# ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധന നടത്തും.

# അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.

# ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങൾ അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖ പ്രകാരം മാത്രം.

# മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തണം. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കൈയിൽ കരുതണം.

# ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം, ഇന്‍റർനെറ്റ് സേവന ദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി യൂണിറ്റുകൾ എന്നിവ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് അതാത് സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം.

# ഐടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ട ആളുകൾ മാത്രമേ ഓഫീസുകളിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കി നൽകണം.

# രോഗികൾ, അവരുടെ കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യാം.

# ആശുപത്രി ഫാർമസികൾ, പത്രമാധ്യമങ്ങൾ,ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ എന്നിവയ്ക്ക് മാത്രം പ്രവർത്തിക്കാം.

# വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

# ആളുകൾ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.

# എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ഉപയോഗിക്കണം.

# രാത്രി ഒമ്പത് മണിക്കു മുമ്പ് കടകൾ അടയ്ക്കണം.

# റസ്റ്റോറന്‍റുകളിലും ഭക്ഷണ ശാലകളിലും പാഴ്സൽ മാത്രമേ അനുവദിക്കൂ. ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.

# ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങൾക്കായി പ്രവർത്തിക്കും. ബാങ്കുകൾക്ക് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകൾ ഇന്‍റർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.

# ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ ഇതിൽ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കൽ യാത്രാ രേഖകൾ ഉണ്ടായിരിക്കണം.

# വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.

# റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.

# അതിഥി തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.

# ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. എന്നാൽ ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.

# എല്ലാതരത്തിലുമുള്ള സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week