InternationalNews

മീന്‍ പിടയും പോലെ സ്മിത്ത്;ചുറ്റുംനിന്നവരും ശ്വാസമെടുക്കാന്‍ പാടുപെട്ടു’നൈട്രജന്‍ ഗ്യാസ് വധശിക്ഷ വിവരിച്ച് വൈദികന്‍

വാഷിങ്ടന്‍: അമേരിക്കയിലെ അലബാമയില്‍ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതിലെ ഭീകരത വിവരിച്ച് ദൃക്‌സാക്ഷിയായ വൈദികന്‍. കെന്നത്ത് യുജിന്‍ സ്മിത്തി(58)നെയാണ് കഴിഞ്ഞ ദിവസം അലബാമയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

”ഭീകര കാഴ്ച” എന്നാണ് സ്മിത്തിന്റെ വധശിക്ഷയെ അദ്ദേഹത്തിന്റെ ആത്മീയഗുരുവായ റവ.ജെഫ് ഹുഡ് വിശേഷിപ്പിച്ചത്. വധശിക്ഷയ്ക്ക് ദൃക്‌സാക്ഷികളായവരില്‍ നിരവധിപ്പേരില്‍ ഒരാളായിരുന്നു ജെഫ് ഹുഡ്. ജയില്‍ ജീവനക്കാരുടെ അടക്കം മുഖത്ത് ഒരു ഭീകരദൃശ്യം കണ്ടതിന്റെ ഞെട്ടലുണ്ടായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

”ജയില്‍ ജീവനക്കാരുടെ മുഖത്ത് ഞെട്ടലും തരിപ്പുമുണ്ടായി. ആ സമയം ചുറ്റും എന്താണ് നടക്കുന്നതുപോലും നമുക്ക് അറിയാന്‍ കഴിയാതാകും. എന്നാല്‍ ഞാന്‍ ചുറ്റുമുള്ളവരെയൊക്കെ കണ്ടു, അവരുടെ മുഖത്ത് ഒരു വല്ലാത്ത ഭീതി ഉണ്ടായിരുന്നു. സ്മിത്ത് ശ്വസിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ചുറ്റും കൂടി നിന്നവരും ശ്വാസമെടുക്കാന്‍ പാടുപെടുന്നതുപോലെ അനുഭവപ്പെട്ടു. എനിക്കൊരിക്കലും ആ കാഴ്ച മറക്കാനാകില്ല”- ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഈ രീതി അവലംബിക്കുന്നതിലൂടെ തല്‍ക്ഷണം മരണം സംഭവിക്കുമെന്ന് ജയില്‍ അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും യാഥാര്‍ഥ്യം അതില്‍നിന്നും ഒരുപാട് അകലെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”വേദനയില്ലാത്ത, പെട്ടെന്നുള്ള മരണം സംഭവിക്കുമെന്ന് അവര്‍ പറഞ്ഞു. മനുഷ്യനെ വധിക്കാന്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും മാനുഷികമായ രീതിയാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ളതെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ അബോധാവസ്ഥയിലേക്ക് പോകുമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ സാക്ഷിയായത് മിനിറ്റുകള്‍ നീണ്ട ഒരു ഭീകരകാഴ്ചയ്ക്കാണ്. വെള്ളത്തില്‍നിന്ന് പുറത്തെടുത്തിട്ട മീന്‍ വീണ്ടും വീണ്ടും ജീവനുവേണ്ടി പിടയുന്നതുപോലെയാണ് സ്മിത്ത് പിടഞ്ഞത്.”- ജെഫ് അറിയിച്ചു.

1989 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് കഴിഞ്ഞ ദിവസം കെന്നത്ത് യുജിന്‍ സ്മിത്തിനെ വ്യത്യസ്തമായ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ”നെട്രജന്‍ ഹൈപോക്‌സിയ” എന്നറിയപ്പെടുന്ന ഈ ശിക്ഷാരീതി നടപ്പിലാക്കാന്‍ കോടതി ഉത്തരവിടുന്നത് ആദ്യമായാണ്.

കുറ്റവാളിയെ കൊണ്ട് നൈട്രജന്‍ വാതകം ശ്വസിപ്പിച്ചാണ് ശിക്ഷ നടപ്പാക്കുന്നത്. 2022ല്‍ മാരകമായ രാസവസ്തു കുത്തിവച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്.

ഈ ശിക്ഷാരീതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളി. തുടര്‍ന്ന് ജനുവരി 25ന് സ്മിത്തിന്റെ ശിക്ഷ നടപ്പാക്കി.സ്മിത്തിനെ വധിച്ച ശിക്ഷാരീതിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയും വൈറ്റ് ഹൗസും ഉള്‍പ്പെടെ ഖേദം രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker