CricketNewsSports

ബീഹാറിനോടും രക്ഷയില്ല,ലീഡ് വഴങ്ങി കേരളം !ഷാക്കിബുള്‍ ഗനിക്ക് സെഞ്ചുറി

പറ്റ്‌ന: ബിഹാറിനെതിരെ രഞ്ജി ട്രോഫിയില്‍ കേരളം ലീഡ് വഴങ്ങി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 227നെതിരെ ബിഹാര്‍ നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തിട്ടുണ്ട്. ഇനിയും രണ്ട് ദിവസം ബാക്കി നില്‍ക്കെ ഇപ്പോള്‍ തന്നെ 41 റണ്‍സ് ലീഡായി ബിഹാറിന്. ഷാാക്കിബുള്‍ ഗനിയുടെ സെഞ്ചുറിയാണ് ബിഹാറിനെ മുന്നോട്ട് നയിക്കുന്നത്. താരമിപ്പോഴും 118 റണ്‍സുമായി ക്രീസിലുണ്ട്. ബിപിന്‍ സൗരഭാണ് ഗനിക്ക് (60) കൂട്ട്. കേരളത്തിന് വേണ്ടി അഖിന്‍ സത്താര്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മോശം തുടക്കമായിരുന്നു ബിഹാറിന്. 29 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ശ്രമണ്‍ നിഗ്രോദ് (0), ബബുല്‍ കുമാര്‍ (16) എന്നിവരാണ് മടങ്ങിയത്. ശ്രമണ്‍ വിഷ്ണു രാജിന് ക്യാച്ച് നല്‍കി. ബബുലിനെ അഖിന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് പിന്നീട് പിയൂഷ് – ഗനി സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും 109 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ പിയൂഷിനെ പുറത്താക്കി ശ്രേയസ് ഗോപാല്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ റിഷവിനും (2) തിളങ്ങാനായില്ല. ഇതോടെ നാലിന് 158 എന്ന നിലയിലായി ബിഹാര്‍. എന്നാല്‍ ഗനി – ബിപിന്‍ സഖ്യം ക്രീസിലുറച്ചതോടെ അനായാസം റണ്‍സ് വന്നു. ഇരുവരും ഇതുവരെ 69 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. 

നേരത്തെ, ഒമ്പതിന് 203 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ശേഷിക്കുന്ന വിക്കറ്റ് 24 റണ്‍സിനിടെ നഷ്ടമായി. ശ്രയസിനെ അഷുതോഷ് അമന്‍ മടക്കുകയായിരുന്നു. 229 പന്തുകള്‍ നേരിട്ട ശ്രേയസ് ഒരു സിക്‌സും 21 ഫോറും നേടി. അഖിന്‍ (0) പുറത്താവാതെ നിന്നു. അക്ഷയ് ചന്ദ്രന്‍ (37) ജലജ് സക്‌സേന (22) എന്നിവരൊഴികെ ആരും കേരള നിരയില്‍ രണ്ടക്കം കടന്നില്ല.

ബിഹാറിനായി ഹിമാന്‍ശു സിങ് നാലും വീര്‍പ്രതാപ് സിംഗ് മൂന്നും വിക്കറ്റ് വീഴ്ത്തി. ടോസിലെ നിര്ര്‍ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കേരളം തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സെത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നമ്മലിനെ(5) നഷ്ടമായ കേരളത്തിന് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്മായി. രോഹന് പിന്നാലെ സച്ചിന്‍ ബേബി(1), ഓപ്പണര്‍ ആനന്ദ് കൃഷ്ണന്‍(9), വിഷ്ണു വിനോദ്(0) എന്നിവരും മടങ്ങിയതോടെ കേരളം 34-4ലേക്ക് കൂപ്പുകുത്തി.

അഞ്ചാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രനും ശ്രേയസ് ഗോപാലും ചേന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കേരളത്തിന് പ്രതീക്ഷ നല്‍കി. 37 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ പുറത്തായതിന് പിന്നാലെ വിഷ്ണു രാജ്(1) പെട്ടെന്ന് മടങ്ങിയെങ്കിലും ജലജ് സക്‌സേനയുടെ(22) പിന്തുണയില്‍ ശ്രേയസ് കേരളത്തെ 150 കടത്തി.

സ്‌കോര്‍ ബോര്‍ഡില്‍ 163 റണ്‍സെത്തിയപ്പോഴേക്കും ജലജ് സക്‌സേനയും മടങ്ങിയെങ്കിലും വാലറ്റക്കാരെ സാക്ഷി നിര്‍ത്തി ഒറ്റക്ക് പൊരുതിയ ശ്രേയസ് സെഞ്ചുറിയിലെത്തി. 164 റണ്‍സില്‍ എട്ടാം വിക്കറ്റും 176 റണ്‍സില്‍ ഒമ്പതാം വിക്കറ്റും നഷ്ടമായെങ്കിലും അവസാന വിക്കറ്റില്‍ അഖിനെ ഒരറ്റത്ത് നിര്‍ത്തിയാണ് ശ്രേയസ് സെഞ്ചുറിയിലെത്തിയത്.  ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നില്‍ക്കുന്ന മത്സരത്തില്‍ രോഹന്‍ കുന്നുമ്മല്‍ ആണ് കേരളത്തെ നയിക്കുന്നത്.

രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നാലു പോയന്റ് മാത്രമുള്ള കേരളത്തിന് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍  ബിഹാറിനെതിരെ വമ്പന്‍ ജയം അനിവാര്യമാണ്. ആദ്യ രണ്ട് കളികളിലും ഇന്നിംഗ്‌സ് ലീഡും സമനിലയും വഴങ്ങിയ കേരളം തിരുവനന്തപുരത്ത് നടന്ന മുംബൈക്കെതിരായ മൂന്നാം മത്സരത്തില്‍ കനത്ത  തോല്‍വി വഴങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker