അഭിനയിച്ചു തുടങ്ങി; പാട്ടുംപാടി ഇന്ത്യ കീഴടക്കി
മുംബൈ: പാട്ടുംപാടി ഇന്ത്യയുടെ ഹൃദയം കീഴടക്കിയ ലത മങ്കേഷ്‌കര്‍ എന്ന ഇതിഹാസ ഗായിക സിനിമയില്‍ എത്തുന്നത് അഭിനേത്രിയായി. അതും കുടുംബം പോറ്റാന്‍വേണ്ടി. ലതക്ക് പതിമൂന്ന് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ലതയുടെ പിതാവ് ദീനനാഥ് മറാത്ത നാടകവേദിയിലെ ഗായകനായിരുന്നു. ദീനനാഥിന്റെ ആറുമക്കളില്‍ മൂത്തയാളായിരുന്നു ലത. പിതാവില്‍നിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്, അഞ്ചാമത്തെ വയസില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി.
അപ്രതീക്ഷിതമായി പിതാവ് ജീവിതത്തില്‍നിന്നും വാങ്ങിപ്പോയപ്പോള്‍ ചുമതലകളെല്ലാം ആ കുഞ്ഞ് ചുമലുകളിലായി. വീടിന്റെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുത്ത് ലത സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ സിനിമ സംഗീതത്തിന്റെ മറുപേരായിവളര്‍ന്ന ലതയെന്ന പേരിനും ചില നിമിത്തങ്ങളുണ്ടായി. ആദ്യ പേര് ഹേമ എന്നായിരുന്നു. എന്നാല്‍ പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി ലത എന്ന പേര് സ്വീകരിക്കുകയായിരുന്നു. ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തിയാണ് ലത മങ്കേഷ്‌കര്‍ എന്ന പേര് സ്വീകരിച്ചത്.
ആദ്യം അഭിനയരംഗത്ത് ഭാഗ്യം പരീക്ഷിച്ചെങ്കിലും പിന്നീട് സംഗീതത്തിലൂടെ ലത വളര്‍ന്നു. 1942-ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാല്‍ ഈ ഗാനം സിനിമയില്‍ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വര്‍ഷം തന്നെ ലത, പാഹിലി മംഗള-ഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു.
1943ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 1948-ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മാതാവ് എസ്. മുഖര്‍ജി മടക്കി അയക്കുകയാണുണ്ടായത്. ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീത സംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലത മങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്.
ആ ശബ്ദം പിന്നീട് ഇന്ത്യ കീഴടക്കി. 15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂര്‍ണമായും കീഴടക്കിയെന്നു പറയാം.