കുവൈത്ത് മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യുവതി കൂടി കൊച്ചിയിൽ എത്തി,കുവൈത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് യുവതി
എറണാകുളം: കുവൈത്ത് മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യുവതി കൂടി കൊച്ചിയിൽ എത്തി. ചെറായി സ്വദേശിനിയാണ് മടങ്ങിയെത്തിയത്. കുവൈത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് യുവതി പറഞ്ഞു. മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല.
നാട്ടിലെത്തിയാൽ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിർദേശിച്ചതായും യുവതി വ്യക്തമാക്കി.ഫോണിലെ മുഴുവൻ വിവരങ്ങളും നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചുവെന്നും യുവതി പറഞ്ഞു.
കുവൈത്ത് മനുഷ്യക്കടത്ത് കേസിൽ പ്രധാന പ്രതികളിലേക്ക് എത്താൻ പൊലീസിന് ഇനിയുമായിട്ടില്ല. മലയാളി യുവതികളെ കുവൈത്തിലെ അറബി കുടുംബങ്ങൾക്ക് വിൽപന നടത്തിയ മജീദിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും പൊലീസിന് ലഭിച്ചിട്ടില്ല. ജോലി വാഗ്‍ദാനം ചെയ്ത് യുവതികളെ കുവൈത്തിലെത്തിച്ച് വിൽപന നടത്തിയ കേസിൽ ഇതുവരെ പൊലീസ് പിടിയിലായത് പത്തനംതിട്ട സ്വദേശി അജുമോൻ മാത്രമാണ്. അജുമോനാണ് കേരളത്തിലെ റിക്രൂട്ടിംഗ് ഏജന്റ് എന്ന നിലയിൽ പ്രവർത്തിച്ചത്.
എന്നാൽ അറബികളിൽ നിന്നും പണം വാങ്ങിയതും കുവൈത്തിൽ തങ്ങളെ ഭീഷണിപ്പെടുത്തിയതും മർദ്ദിച്ചതും തളിപ്പറമ്പ് സ്വദേശിയായ മജീദ് ആണെന്ന് യുവതികൾ വെളിപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ട് നാട്ടിലെത്തിയിട്ടും ഭീഷണി തുടരുകയാണെന്നും കൂടുതൽ യുവതികൾ ഇപ്പോഴും രക്ഷപ്പെടാനാകാതെ കുവൈറ്റിലുണ്ടെന്നും കോട്ടയം സ്വദേശി വെളിപ്പെടുത്തിയിരുന്നു.
കുവൈത്തിലെ തൊഴിലുടമയിൽ നിന്നും രക്ഷപ്പെട്ടെത്തിയ കൊല്ലം പത്തനാപുരം സ്വദേശിനിയായ ആദിവാസി യുവതി നേരിട്ടതും ക്രൂര പീഡനമാണ്. ദിവസവും കഴിക്കാൻ നൽകിയിരുന്നത് ഒരു കുബ്ബൂസ് മാത്രമാണ്. തൊഴിലുടമ പതിവായി മർദിച്ചിരുന്നതായും രക്ഷപെടാൻ ശ്രമിച്ചാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
പത്ത് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ കുടുംബഭാരം ചുമലിലേറ്റിയതാണ് ശാലിനി. പകുതിക്കിട്ട വീട് പണി തീര്‍ക്കണം. രണ്ടു മക്കളേയും പഠിപ്പിക്കണം. അങ്ങനെ കടം വാങ്ങിയ പണം നൽകി, കുറേയേറെ സ്വപ്നങ്ങളുമായാണ് ശാലിനി കുവൈത്തിലേക്ക് വിമാനം കയറിയത്. കുളത്തൂപ്പുഴ സ്വദേശി മേരിയാണ് ക്ലീനിംഗ് സ്റ്റാഫ് എന്ന പേരിൽ ഗൾഫിലെത്തിച്ചത്. പക്ഷേ ചെന്നയുടൻ ലൈംഗിക തൊഴിലാളിയാകാൻ മേരി നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ശാലിന് പറഞ്ഞു.
യുവതി വഴങ്ങാൻ വിസമ്മതിച്ചതോടെ തൊഴിലുടമയായ അറബിയും മേരിയും ചേര്‍ന്ന് ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. കഴിക്കാൻ ദിവസവും നൽകിയത് ആകെ ഒരു കുബ്ബൂസ് മാത്രം. ദുരിതജീവിതം വീട്ടിൽ വിളിച്ചു പറഞ്ഞതോടെ കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി ശാലിനി വെളിപ്പെടുത്തുന്നു.
നോര്‍ക്കാ റൂട്ട്‍സിന്റെയും രാഷ്ട്രീയ നേതാക്കളുടേയും ഇടപെടലുകളിലൂടെയാണ് മോചനമുണ്ടായത്. നാട്ടിലെത്തിയ ഉടൻ ശാലിനി മേരിക്കെതിരെ പത്തനാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താൻ ജോലി ചെയ്തിടത്ത് തമിഴ്നാട്ടിൽ നിന്നുള്ള ഒരു സ്ത്രീയും രക്ഷപ്പെടാനാകാതെ കിടക്കുകയാണെന്നും ശാലിനി പറയുന്നു.