24.9 C
Kottayam
Wednesday, May 15, 2024

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിപ്പിച്ച ടൊവിനോക്കെതിരെ കെ.എസ്.യു

Must read

മാനന്തവാടി: പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോ തോമസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു രംഗത്ത്. മാനന്തവാടി മേരി മാതാ കോളജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം. ഞായറാഴ്ച ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്യു നേതൃത്വം അറിയിച്ചു.

വയനാട് ജില്ലാ കലക്ടറും സബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോ വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥി സദസില്‍ നിന്നും കൂവി. ഈ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടന്‍ മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആദ്യം വിസമ്മതിച്ച കുട്ടി സമ്മര്‍ദം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവി. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്.

വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടൊവിനോക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ടാണ് കെഎസ് യു രംഗത്തെത്തിയിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചെന്ന് കെഎസ്യു അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week