ബജറ്റ് അവതരണം ആരംഭിച്ചു; രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് പാര്‍ലമെന്റില്‍ തുടക്കം. രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് ആമുഖ പ്രസംഗത്തില്‍ അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഓര്‍മ പുതുക്കുകയും ചെയ്തു.
ജിഎസ്ടി ചരിത്രപരമായ തീരുമാനമായിരുന്നു ഏക നികുതി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് നടത്തുന്നത്. അടിസ്ഥാന വിഭാഗത്തിന്റെ വികസനം ഉറപ്പാക്കാന്‍ സര്‍ക്കാരിനായെന്നും മന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ഭദ്രമാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനായി. 60 ലക്ഷം പുതിയ നികുതിദായകരാണ് ഉണ്ടായത്.
വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കും. രാജ്യത്ത് ഇന്‍സ്പെക്ടര്‍ രാജ് നിര്‍ത്തലാക്കി. സാധാരണക്കാരുടെ വളര്‍ച്ച ത്വരിതപ്പെടുത്തി. ശുദ്ധജലവും വൈദ്യുതിയും ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.