അധ്യാപികയുടെ മാല പൊട്ടിച്ചു കടന്നു, സിനിമാസ്റ്റൈലില്‍ കാറില്‍ പിന്തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; മോഷ്ടാവിനെ സാഹസികമായി പിടികൂടി
കൊല്ലം: അധ്യാപികയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്ന മോഷ്ടാവിനെ അതിസാഹസികമായി പിടികൂടി കെഎസ്ആര്‍ടിസി ഡ്രൈവര്‍. സ്വര്‍ണമാല പൊട്ടിച്ചു കടന്ന മോഷ്ടാക്കളില്‍ ഒരാളെ രണ്ടര കിലോമീറ്ററോളം കാറില്‍ പിന്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടികൂടിയത്.പിടികൂടിയ മോഷ്ടാവില്‍ നിന്നു രണ്ടു പവന്റെ സ്വര്‍ണ മാലയും കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടു. കൊല്ലം കൂട്ടിക്കട കളീലില്‍ വീട്ടില്‍ ജാസിര്‍ സിദ്ദിഖാണ് (37) പിടിയിലായത്.
റാന്നി ഡിപ്പോയിലെ ഡ്രൈവര്‍ ഉതിമൂട് വലിയകലുങ്ക് പുളിക്കല്‍ വീട്ടില്‍ പി ഡി സന്തോഷ് കുമാറാണ് (52) അധ്യാപികയുടെ രക്ഷയ്‌ക്കെത്തിയത്.പിടികൂടുന്നതിനിടെ മോഷ്ടാവ് ഹെല്‍മറ്റ് ഉപയോഗിച്ചു സന്തോഷിനെ അടിക്കുകയും ചെയ്തു
ഇന്നലെ ഉച്ചയ്ക്കു വാളകത്താണ് സംഭവം. അബുദാബിയിലേക്കു പോകുന്ന ഭാര്യയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ആക്കിയ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ വാളകം എംഎല്‍എ ജംഗ്ഷനു സമീപം വച്ചാണ് മോഷ്ടാക്കള്‍ അധ്യാപികയുടെ മാല പൊട്ടിച്ചു കടന്നുകളയുന്നത് സന്തോഷ് കണ്ടത്. ബൈക്കില്‍ കടന്ന മോഷ്ടാക്കളെ സന്തോഷ് കാറില്‍ പിന്തുടര്‍ന്നു. കാറില്‍ ഒപ്പം രണ്ടു മക്കളും സുഹൃത്തും ഉണ്ടായിരുന്നു.
എംസി റോഡ് വഴി കൊട്ടാരക്കര ഭാഗത്തേക്കു പാഞ്ഞ മോഷ്ടാക്കള്‍ പനവേലി ഭാഗത്തെത്തിയപ്പോള്‍ പെട്ടെന്നു തിരിഞ്ഞു വീണ്ടും വാളകത്തേക്കു പോയി. സന്തോഷും ഇവര്‍ക്കു പിന്നാലെ പാഞ്ഞു. വാളകത്തു നിന്ന് ഉമ്മന്നൂര്‍ ഭാഗത്തേക്കു പോകുന്ന റോഡിലേക്കു മോഷ്ടാക്കള്‍ കയറിയതോടെ കാര്‍ മോഷ്ടാക്കളുടെ അടുത്തെത്തി. രണ്ടു കിലോമീറ്ററോളം ബൈക്കിനു പിന്നാലെ പാഞ്ഞു. പെരുമ്പ ഭാഗത്തെ വളവില്‍ വച്ചു ബൈക്കിനു കുറുകെ കാര്‍ കയറ്റി നിര്‍ത്തി. ഇതോടെ മോഷ്ടാക്കള്‍ രണ്ടു പേരും റോഡിലേക്കു വീണു.
ബൈക്ക് ഓടിച്ചിരുന്ന ആള്‍ വീണ്ടും ബൈക്കില്‍ കയറി വേഗത്തില്‍ ഓടിച്ചു പോയി. രണ്ടാമത്തെയാളെ കാറില്‍ നിന്നു ചാടി ഇറങ്ങിയ സന്തോഷ് പിടികൂടാന്‍ ശ്രമിച്ചു. ഈ സമയത്താണ് മോഷ്ടാവ് ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചത്. ഇടതു കയ്യില്‍ അടിയേറ്റു. പിടിവലിയില്‍ സന്തോഷിന്റെ ഷര്‍ട്ടും കീറി.
പിടിയിലാകും എന്നു ഉറപ്പായതോടെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണമാല മോഷ്ടാവ് റോഡിന്റെ വശത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞു. ഇതു സന്തോഷ് കാണുകയും മോഷ്ടാവിനെ കീഴ്‌പ്പെടുത്തിയ ശേഷം മാല കണ്ടെത്തുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും മോഷ്ടാവിനെ പിടികൂടുന്നതിനു സഹായിച്ചു.
വാളകത്തെ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപിക പനി ആയതിനാല്‍ അവധി എടുത്തു വീട്ടിലേക്കു മടങ്ങുന്നതിനു ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നടക്കുമ്പോഴായിരുന്നു കവര്‍ച്ച. പിടിവലിയില്‍ മാലയുടെ ഒരു ഭാഗം അധ്യാപികയുടെ കയ്യില്‍ കിട്ടി. കിളിമാനൂര്‍ ഭാഗത്തു നിന്നാണ് മോഷ്ടാക്കള്‍ വാളകത്ത് എത്തിയതെന്നും പൊലീസ് പറഞ്ഞു.