CrimeKeralaNews

താനും സഹോദരനും ചേർന്ന് 325 കിലോയോളം സ്വർണം തട്ടിയെടുത്തു, നിലവിൽ ബന്ദി;താമരശേരി പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്

കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയിലില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്. പരപ്പന്‍പൊയിലില്‍ കുറുന്തോട്ടികണ്ടിയില്‍ മുഹമ്മദ് ഷാഫിയുടെ വീഡിയോയാണ് വ്യാഴാഴ്ച പുറത്തുവന്നത്. 80 കോടി രൂപയുടെ സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും എത്രയുംവേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നുമാണ് ഷാഫി വീഡിയോയില്‍ പറയുന്നത്. അതേസമയം, തന്നെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ എവിടെയാണുള്ളതെന്നോ ഷാഫി വീഡിയോയില്‍ പറയുന്നില്ല. അജ്ഞാതകേന്ദ്രത്തില്‍നിന്ന് ചിത്രീകരിച്ച വീഡിയോയെക്കുറിച്ച് പോലീസിനും കൂടുതല്‍കാര്യങ്ങള്‍ വ്യക്തമല്ല.

” 325 കിലോ സ്വര്‍ണം ഞാനും ബ്രദറും കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ കിഡ്‌നാപ് ചെയ്തിരിക്കുന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടെയാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് ഡീറ്റെയിലായിട്ട് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയുംപെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പോലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയുംപെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട്…”- എന്നുപറഞ്ഞാണ് ഷാഫിയുടെ വീഡിയോ അവസാനിക്കുന്നത്.

തട്ടിക്കൊണ്ടുപോയവര്‍ നിര്‍ബന്ധിച്ച് ചിത്രീകരിച്ച വീഡിയോയാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. വീഡിയോ ചിത്രീകരിച്ച സ്ഥലവും മറ്റും തിരിച്ചറിയാതിരിക്കാനും ഇവര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് ഷാഫിയെ വീട്ടില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെയും കാറില്‍ കയറ്റിയിരുന്നെങ്കിലും ഇവരെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. എന്നാല്‍ സംഭവം നടന്ന് ആറുദിവസമായിട്ടും ഷാഫിയെ പോലീസിന് കണ്ടെത്താനായിട്ടില്ല.

അതേസമയം, താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കർണാടക കേന്ദ്രീകരിച്ചും അന്വേഷിക്കാൻ പൊലീസ്. മുക്കം പൊലീസിലെ ഒരു സംഘം മഞ്ചേശ്വരത്തെത്തി. ഷാഫിയെ തട്ടിക്കൊണ്ടുപോയത് കർണാടകത്തിലെ സ്വർണക്കടത്ത് സംഘങ്ങൾ എന്നാണ് സൂചന. കാസർഗോഡ് നിന്ന് കണ്ടെത്തിയ, അക്രമി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ ഇന്ന് താമരശ്ശേരിയിൽ എത്തിക്കും. 

അക്രമി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കഴിഞ്ഞ ദിവസമാണ് കാസർഗോഡ് നിന്ന് കണ്ടെത്തിയത്. സംഘത്തിലെ ആളുകൾ ഉപയോ​ഗിച്ച കാർ എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തട്ടിക്കൊണ്ടുപോകാൻ ഉപയോ​ഗിച്ചത് ഈ കാർ ആണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

കാസർഗോഡ് ചെർക്കളയിലെ കാർ ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാർ വാടകയ്ക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker