‘ആളെ മനസിലാക്കി ചോദ്യം ചോദിക്കണം, നിലവാരമില്ലാത്ത ഗെയിമുകള്‍ കളിപ്പിക്കുന്നത് ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യം’
കൊച്ചി:ഓണ്‍ലൈന്‍ ചാനലുകളിലെ ഇന്റര്‍വ്യൂ ചോദ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ കോട്ടയം നസീര്‍. എതിരെ ഇരിക്കുന്ന വ്യക്തിയുടെ എക്‌സ്പീരിയന്‍സ് മനസിലാക്കി നിലവാരമുള്ള ചോദ്യങ്ങള്‍ ചോദിക്കണമെന്ന് നസീര്‍ പറഞ്ഞു. വലിയ ആളുകളെ അഭിമുഖത്തിനായി വിളിച്ചുവരുത്തി നിലവാരമില്ലാത്ത ഗെയിം ഷോകള്‍ നടത്തുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും നസീര്‍ പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
ഇന്റര്‍വ്യൂവിന് വന്നിരിക്കുന്ന ആളിന്റെ എക്‌സ്പീരിയന്‍സ് എന്താണ് എന്നൊക്കെ മനസിലാക്കി ചോദ്യം ചോദിക്കണം. ദാസേട്ടനെ പോലെ ഒരാളെ കൊണ്ടിരുത്തിയിട്ട് നിലവാരമില്ലാത്ത കുറേ ഗെയിം ഷോകള്‍ കളിപ്പിക്കുന്നത് അവരെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമാണ്.
ഞാന്‍ 21ാമത്തെ വയസില്‍ സിനിമയില്‍ വന്ന ആളാണ്. ഇന്നസെന്റ് ചേട്ടന്‍, ജനാര്‍ദ്ദനന്‍ ചേട്ടന്‍, ജഗതി ചേട്ടന്‍, പപ്പു ചേട്ടന്‍, പോളേട്ടന്‍, രാജന്‍ പി. ദേവ് ചേട്ടന്‍, മാമൂക്ക അങ്ങനെയുള്ള ആളുകളുമായിട്ടായിരുന്നു എന്റെ സൗഹൃദം. ആ സൗഹൃദത്തിലാണ് എന്നെ ഇരുത്തിയിരിക്കുന്നത്. ഞാന്‍ അവരോട് ചോദിക്കുന്നത് ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളും അവര്‍ വന്ന വഴികളും ഒക്കെയാണ്. നമുക്ക് അതല്ലേ പഠിക്കാനുള്ളത്.
അതല്ലാണ്ട് അവിടെ പോയിരുന്ന് തമാശ പറഞ്ഞിരിക്കുന്നതല്ലല്ലോ. പല ഓണ്‍ലൈന്‍ മീഡിയയും എതിരെ ഇരിക്കുന്ന ആളിന്റെ വാല്യു എന്താണെന്ന് അറിയാതെ ചോദ്യങ്ങള്‍ ചോദിക്കുന്നതായി തോന്നുന്നുണ്ട്. പിന്നെ കൃത്യമായ പഠനമില്ലാതെ, ക്ലീഷേ ആയ, ആവര്‍ത്തന വിരസതയുള്ള ചോദ്യങ്ങളിലേക്ക് പോകുന്നതായി തോന്നാറുണ്ട്. അതൊന്ന് മാറ്റിപിടിക്കണം.
ഞാന്‍ ജഗതി ചേട്ടനേയും ശ്രീനിയേട്ടനേയുമൊക്കെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. നമ്മള്‍ അവരെ പറ്റി ഒരു സ്റ്റഡി നടത്തും. പിന്നെ അവര്‍ക്ക് പറയാനുള്ള സ്‌പേസ് കൊടുക്കണം. മുമ്പില്‍ വന്നിരിക്കുന്നത് ഗസ്റ്റ് ആണ്. ചോദ്യത്തിന്റെ ലെങ്ത് കുറക്കുക, ഉത്തരത്തിന്റെ ലെങ്ത് കൂട്ടുക. പലപ്പോഴും ചോദ്യത്തിന്റെ ലെങ്ത് കൂടുതലും ഉത്തരത്തിന്റെ ലെങ്ത് കുറവുമായിരിക്കും.
പിന്നെ പറയുന്നതിനിടക്ക് കേറി ചോദിച്ച്, മുറിച്ച്, അതില്ലാതാക്കി, ഒന്ന് മുഴുമിപ്പിക്കാന്‍ പറ്റാതെ പോവും. നമ്മളൊക്കെ എത്രത്തോളം കഷ്ടപ്പെട്ടതാണ് ഇവിടെ വരെയെത്തിയത് എന്ന് പുതിയ തലമുറ മനസിലാക്കണം. അത് പറയാനുള്ള സ്‌പേസ് കൊടുക്കണം,’ കോട്ടയം നസീര്‍ പറഞ്ഞു.