കൂടുതല്‍ കളിച്ചാല്‍ ദക്ഷിണ കൊറിയയെ തീര്‍ത്തുകളയുമെന്ന് ഉന്നിന്റെ സഹോദരി
സോള്‍: ദക്ഷിണ കൊറിയന്‍ സൈന്യം ഏതെങ്കിലും രീതിയില്‍ ആക്രമണത്തിനു ശ്രമിച്ചാല്‍ അണ്വായുധം ഉപയോഗിച്ചു അവരെ തീര്‍ത്തുകളയുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്. കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയുടെ പ്രതിരോധ മേധാവി സുഹ് വൂക്ക് നടത്തിയ അഭിപ്രായത്തോടാണ് കിം യോ ജോംഗ് രോഷാകുലയായി പ്രതികരിച്ചത്.
ഉത്തര കൊറിയ ഈ വര്‍ഷം ആയുധ പരീക്ഷണങ്ങള്‍ വീണ്ടും സജീവമാക്കിയിരുന്നു. 2017ന് ശേഷം കഴിഞ്ഞ മാസം ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും അവര്‍ നടത്തി. ഇതിനെക്കുറിച്ച് സംസാരിക്കവേ, ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിക്കോട്ടെ, അവിടുത്ത ഏതു ലക്ഷ്യത്തെയും തകര്‍ക്കാന്‍ കഴിവുള്ള മിസൈലുകള്‍ കൊറിയന്‍ സൈന്യത്തിനുണ്ടെന്നു സു വുക്ക് പറഞ്ഞിരുന്നു. ഇതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്.
ഒരു ആണവ ശക്തിക്കെതിരേ ആക്രമണം നടത്താന്‍ കഴിയുമെന്ന രീതിയില്‍ സു വൂക്ക് നടത്തിയ ഭ്രാന്തന്‍ പ്രതികരണം വളരെ വലിയ തെറ്റാണെന്നും കിം യോ ജോംഗ് കുറ്റപ്പെടുത്തി. ദക്ഷിണ കൊറിയ ഞങ്ങളുമായി സൈനിക ഏറ്റുമുട്ടലിനു തീരുമാനിച്ചാല്‍, ഞങ്ങളുടെ ആണവ പോരാട്ട സേന അനിവാര്യമായും അതിന്റെ കടമ നിര്‍വഹിക്കേണ്ടിവരും- പ്യോങ്യാങ്ങിലെ പ്രധാന നയ ഉപദേഷ്ടാവായ കിം യോ ജോംഗ് പറഞ്ഞു.
അങ്ങനെ സംഭവിച്ചാല്‍ ദക്ഷിണി കൊറിയന്‍ സേനയ്ക്കു സന്പൂര്‍ണ നാശത്തിന്റെ ദയനീയ വിധി നേരിടേണ്ടി വരും. ദക്ഷിണ കൊറിയയെ തങ്ങളുടെ സൈന്യവുമായി താരതമ്യം ചെയ്യാനൊന്നുമില്ലെന്നും അവര്‍ പരിഹസിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിം ജോംഗ് ഉന്നും നയതന്ത്രത്തിന്റെ വഴികളിലൂടെ നീങ്ങിയപ്പോള്‍ ഉത്തര കൊറിയ ദീര്‍ഘദൂരആണവ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
എന്നാല്‍, ഈ ചര്‍ച്ചകളും മറ്റും 2019ല്‍ പാളി. സ്ഥാപകന്‍ കിം ഇല്‍ സുംഗിന്റെ 110-ാം ജന്മവാര്‍ഷികമാണ് ഉത്തര കൊറിയ ഈ മാസം ആഘോഷിക്കുന്നത്. നിലവിലെ നേതാവ് കിം ജോംഗ് ഉന്നന്റെ മുത്തച്ഛനാണ് കിം ഇല്‍ സുംഗ്.