25.4 C
Kottayam
Friday, May 17, 2024

പി.ജെ ജോസഫ് ഇടത്തോട്ട്? ആദ്യ വട്ട ചര്‍ച്ചകള്‍ കഴിഞ്ഞു; ജോസഫിന്റെ ഇടതുമുന്നണി പ്രവേശനത്തിന് ചുക്കാന്‍ പിടിക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജ്

Must read

കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കന്നതായി റിപ്പോര്‍ട്ട്. ജോസഫ് വിഭാഗത്തില്‍ നിന്നും നേരത്തെ വിട്ടുപോയ ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് മതേതര ജനാധിപത്യ കക്ഷികളെ കൂടെ ചേര്‍ത്ത് മുന്നണി വിപുലീകരിക്കാന്‍ സിപിഎം തയ്യാറെടുക്കുന്നുവെന്ന സൂചനകളാണ് പാര്‍ട്ടിയുമായി അടുത്തു നില്‍ക്കുന്ന വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

പി ജെ ജോസഫും കൂട്ടരും എല്‍ഡിഎഫ് വിട്ടത് അടിസ്ഥാനപരമായ ആശയഭിന്നതയോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടാകാത്ത സമയത്താണെന്നും അവര്‍ മുന്നണി വിട്ടത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരിന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്നണി വിപുലീകരിക്കാതെ 6 നിയമസഭാ മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പിലും പിന്നീടുള്ള ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലും സിപിഎം നേതൃത്വം കൊടുക്കുന്ന ഇടത് മുന്നണിക്ക് അഗ്നി പരീക്ഷയാണ് എന്നത് സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു.

അതിന്റെ പശ്ചാത്തലത്തിലാണ് പിജെ ജോസഫിനെ തങ്ങളുടെ കൂടെ ചേര്‍ത്ത് ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പാക്കുവാന്‍ സിപിഐ എം പരിശ്രമിക്കുന്നതെന്നാണ് വിവരം. ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം കൊടുക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ്സില്‍ ലയിക്കാതെ മറ്റൊരു കക്ഷിയായി ഇടതുമുന്നണിയില്‍ കയറി പറ്റുന്നതാണ് ജോസഫിന് താല്പര്യം. പക്ഷേ സിപിഎം ആഗ്രഹിക്കുന്നത് ജനാധിപത്യ കേരള കോണ്‍ഗ്രസും ജോസഫ് വിഭാഗവും ലയിച്ച ഒരു പാര്‍ട്ടിയായി മാറി മുന്നണിയില്‍ പ്രവേശിക്കുക എന്നതാണ്.

ഇതിനോട് പി ജെ ജോസഫ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗം ലയിക്കുന്നതില്‍ ആന്റണി രാജു അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ക്ക് താല്പര്യമില്ല. ജോസഫ് വിഭാഗത്തില്‍ സിഎഫ് തോമസും ജോയ് എബ്രാഹവും മോന്‍സ് ജോസഫും ഇതിനെതിരുമാണ്. ഇതാണ് മറ്റൊരു കക്ഷിയായി മുന്നണിയില്‍ പ്രവേശിക്കുക എന്ന ജോസഫിന്റെ തീരുമാനത്തിന് പിന്നില്‍.ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജാണ്. സിപിഎമ്മുമായി ആദ്യവട്ട ചര്‍ച്ചകള്‍ ജോസഫ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week