25.6 C
Kottayam
Friday, April 19, 2024

തോറ്റ സീറ്റിന്‍റെ ഉത്തരവാദിത്വം ഒഴിയുന്നത് പാപ്പരത്തം,സിപിഐ റിപ്പോര്‍ട്ടിനെതിരെ കേരള കോണ്‍ഗ്രസ്

Must read

കോട്ടയം:സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരേ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയിൽ വിമർശനം. പുറത്തുവന്ന റിപ്പോർട്ട് ബാലിശമാണ്. റിപ്പോർട്ടിലെ കാര്യങ്ങൾ സിപിഐ സ്ഥിരീകരിച്ചാൽ അതിനുള്ള മറുപടി കേരള കോൺഗ്രസ് ഔദ്യോഗികമായി തന്നെ നൽകും. കേരള കോൺഗ്രസിന്റെ സ്വാധീനം കൊണ്ടാണ് പല സീറ്റുകളിലും എൽഡിഎഫ് ജയിച്ചതെന്നും കേരള കോൺഗ്രസ് നേതാവ് സ്റ്റീഫൻ ജോർജ് യോഗത്തിന് ശേഷം പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് പരാമർശങ്ങൾ സിപിഐ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. അഭിപ്രായങ്ങൾ സിപിഐയുടേതല്ലെങ്കിൽ അവ നിഷേധിക്കാനുള്ള ബാധ്യത സിപിഐ നേതൃത്വത്തിനുണ്ട്. ജോസ് കെ. മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാർക്കിടുന്നവർ പലരും പല തിരഞ്ഞെടുപ്പിലും തോറ്റവരാണ്. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് എടുക്കുകയും പരാജയപ്പെടുന്ന സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളിൽ കെട്ടിവെക്കുകയും ചെയ്യുന്നത് തികച്ചും പാപ്പരത്തമാണ്. മുന്നണി മാറിയിട്ടും സിപിഐയ്ക്ക് കേരള കോൺഗ്രസിനോടുള്ള സമീപനത്തിൽ മാറ്റം വന്നിട്ടില്ലെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു.

ജോസ് കെ. മാണിയുടെ പാലായിലെ തോൽവിക്ക് കാരണം ജനകീയ അടിത്തറ ഇല്ലായ്മയാണ്. കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലേക്കു മാറിയതിന്റെ ഗുണം എൽ.ഡി.എഫിന് ഉണ്ടായിട്ടില്ല. കേരള കോൺഗ്രസും എൽ.ജെ.ഡി.യും മുന്നണി വിട്ടത് യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെങ്കിലും അത് എൽ.ഡി.എഫിന് വോട്ടായി മാറിയില്ല. കടുത്തുരുത്തിയിലും പാലായിലും ഇടതുമുന്നണി തോറ്റതോടെ കേരള കോൺഗ്രസിന്റെ ശക്തി ബോധ്യമായി. പാലായിൽ ജോസ് കെ. മാണിയല്ലാതെ നേരത്തേ ഇടതുമുന്നണിയിലുള്ള പാർട്ടിയിലെ ആരെങ്കിലുമാണ് മത്സരിച്ചതെങ്കിൽ ജയിക്കുമായിരുന്നു എന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week