FootballKeralaNewsSports

മുംബൈ സിറ്റിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്സ്; ജയം മൂന്ന് ഗോളിന്

പനജി:ഇന്ത്യന്‍ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ പകുതിയിൽ സഹൽ അബ്ദുല്‍ സമദിന്റെ (27) ഗോളിൽ ലീഡെടുത്ത ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ അൽവാരോ വാസ്കസ് (47), ഹോസെ പെരേര ഡയസ് (51 പെനൽറ്റി) എന്നിവരുടെ ഗോളുകളിലൂടെ ഗോൾ നേട്ടം മൂന്നാക്കി.

പ്രതിരോധനിര താരം എനസ് സിപോവിച്ച് പരുക്കേറ്റ് പുറത്തിരിക്കുമ്പോഴും ലെസ്കോവിച്ചും ഇന്ത്യൻ താരങ്ങളും പേരുകേട്ട മുംബൈ മുന്നേറ്റ നിരയെ തടഞ്ഞുനിർത്തി. മുംബൈ സിറ്റി ക്യാപ്റ്റൻ മൊർത്താഡ‍ ഫാള്‍ ബ്ലാസ്റ്റേഴ്സിന്റെ ഹോസെ പെരേരയെ ഫൗൾ ചെയ്തതിനു ചുവപ്പുകാർഡുകണ്ട് പുറത്തായി. രണ്ടാം പകുതിയിൽ മുംബൈ കൂടുതല്‍ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.

രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് 9 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിന് രണ്ട് ജയം, മൂന്ന് സമനില, ഒരു തോൽവി എന്നീ ഫലങ്ങളാണുള്ളത്. തോറ്റെങ്കിലും 15 പോയിന്റുള്ള മുംബൈ തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഒഡിഷയ്ക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ജയം.

സഹലിന്റെ ഗോൾ– മികച്ച നീക്കത്തിലൂടെ 27–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. ബോക്സിനകത്ത് നിന്ന് ഹോസെ പെരേര നൽകിയ പാസ് സഹൽ ഫസ്റ്റ് ടൈം വോളിയിലൂടെ മുംബൈ വലയിലെത്തിച്ചു. സീസണിൽ സഹലിന്റെ രണ്ടാം ഗോളാണിത്.

47–ാം മിനിറ്റിൽ വാസ്കസിന്റെ വോളി– മുംബൈയുടെ ഗോൾ ശ്രമങ്ങൾക്കിടെയാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് ലീഡ‍് രണ്ടാക്കിയത്. മുംബൈ ബോക്സിനകത്ത് നിന്ന് സഹൽ നൽകിയ ക്രോസിൽ ഒരു മിന്നല്‍ ഷോട്ട് പായിച്ച് വാസ്കസ് രണ്ടാം ഗോൾ നേടി.

ഫാളിന്റെ ഫൗൾ, ബ്ലാസ്റ്റേഴ്സ് മൂന്ന്– രണ്ടാം ഗോൾ വീണതോടെ മുംബൈ താരങ്ങൾ കൂടുതൽ പരുക്കൻ കളി പുറത്തെടുത്തു. പന്തുമായി ബോക്സിലേക്കു കുതിച്ചെത്തിയ ഹോസെ പെരേരയെ മൊർത്താഡ ഫാൾ ഫൗൾ ചെയ്തു വീഴ്ത്തി. ആദ്യം പെനൽറ്റി അനുവദിച്ചില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചതോടെ, കൂടുതൽ പരിശോധനകൾക്കുശേഷം റഫറി പെനൽറ്റി നൽകി, മുംബൈ ക്യാപ്റ്റന് രണ്ടാം മഞ്ഞ കാർഡും ചുവപ്പു കാർഡും. പെനൽറ്റി അനായാസം വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സ് ലീഡ് മൂന്നാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker