ഒരാളുമായി പ്രണയത്തിലാണ്, ആരാണെന്ന് സമയമാവുമ്പോൾ പറയാം -കങ്കണ
മുംബൈ:നടി കങ്കണാ റണൗട്ടും ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ നിഷാന്ത് പിറ്റിയും പ്രണയമാണെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഏതാനും ചിത്രങ്ങൾ ഇതിനുമുമ്പും പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. ഒരു രഹസ്യവും അവർ ഇതിനൊപ്പം പങ്കുവെച്ചു.
താൻ ഒരാളുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കങ്കണയിപ്പോൾ. എന്നാൽ അത് നിഷാന്ത് പിറ്റി അല്ലെന്നും അവർ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു എന്നുതുടങ്ങുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം തന്റെ ഡേറ്റിങ്ങിനേക്കുറിച്ച് പറഞ്ഞത്.
“നിഷാന്ത് ജി സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നയാളാണ്. ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണ്. ശരിയായ സമയത്തിനായി കാത്തിരിക്കൂ. ഞങ്ങളെ ദയവുചെയ്ത് കുഴപ്പത്തിലാക്കരുത്.” കങ്കണ പറഞ്ഞു.
എല്ലാ ദിവസവും ഒരു യുവതിയെ ഒരു പുതിയ പുരുഷനുമായി ബന്ധിപ്പിച്ച് പറയുന്നത് നല്ലതല്ല. പ്രത്യേകിച്ച് അവർ ഒരുമിച്ച് ചിത്രങ്ങളെടുത്തതിന്റെ പേരിൽ. ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും കങ്കണ കൂട്ടിച്ചേർത്തു.
അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് എത്തിയപ്പോൾ ഇരുവരും ഒരുമിച്ച് ചിത്രമെടുത്തിരുന്നു. പിന്നീട് തിങ്കളാഴ്ച രണ്ടുപേരും ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നിഷാന്തും കങ്കണയും പ്രണയത്തിലാണെന്ന അഭ്യൂഹമുണ്ടായത്. ഇത് ഇപ്പോൾ താരം നിഷേധിച്ചിരിക്കുകയാണ്.
നിലവിൽ താൻ സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് കങ്കണ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രധാനവേഷത്തിലെത്തുന്നതും കങ്കണതന്നെയാണ്. മുൻ പ്രധാനമന്ത്രിഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുന്നത്. മലയാളിതാരം വിശാഖ് നായരും ചിത്രത്തിൽ ഒരു വേഷത്തിലെത്തുന്നുണ്ട്.