‘അവര്‍ എന്ത് വസ്ത്രം ധരിച്ചാലും ഞാന്‍ നോക്കിയിരുന്ന് പോകും, ഞാനവരുടെ വലിയ ആരാധികയാണ്’; കല്യാണി പ്രിയദര്‍ശന്‍
ചുരുങ്ങിയ കാലത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ നായികയാകാന്‍ അവസരം ലഭിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിലും തമിഴിലുമെല്ലാം കൈനിറയെ ചിത്രങ്ങളാണ് കല്യാണിയെ കാത്തിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രിയപ്പെട്ട നടന്മാരെയും നടിമാരെയും കുറിച്ച് സംസാരിക്കുകയാണ് കല്യാണിയിപ്പോള്‍. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
തമിഴ് നടിമാരില്‍ വസ്ത്രധാരണത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടം നയന്‍താരയെയാണെന്ന് കല്യാണി പറയുന്നു. തമിഴ് നടീനടന്മാരില്‍ ഏറ്റവും മികച്ച രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കല്യാണി.
‘ഞാന്‍ നയന്‍താരയുടെ വലിയ ആരാധികയാണ്. അവര്‍ എന്ത് വസ്ത്രം ധരിച്ചാലും ഞാന്‍ നോക്കിയിരുന്നു പോകും. നടന്മാരുടെ കാര്യം പറയുകയാണെങ്കില്‍ എല്ലാവരും വളരെ നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നവരാണ്.
എല്ലാവര്‍ക്കും മികച്ച ഡ്രെസിംഗ് സെന്‍സുണ്ട്. അതുകൊണ്ട് തന്നെ ഒരാളെയായി എടുത്തുപറയാന്‍ പറ്റുന്നില്ല. മാത്രമല്ല, എല്ലാവരും വളരെ ലളിതമായി വസ്ത്രം ധരിക്കുന്നവരാണ്. ആരും അങ്ങനെ വളരെ ആര്‍ഭാടത്തില്‍ വസ്ത്രം ധരിച്ചു കാണാറില്ല,’ കല്യാണി പറഞ്ഞു.
ഏതെങ്കിലും അഭിനേതാവിന്റെ കുട്ടിക്കാലം കാണാന്‍ ആഗ്രഹുമുണ്ടോയെന്ന ചോദ്യത്തിന് രജനീകാന്തിന്റെ പേരായിരുന്നു കല്യാണി പറഞ്ഞത്. അതിശയകരമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും അത് കാണാന്‍ സാധിക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്നും കല്യാണി പറഞ്ഞു.
2017ല്‍ തെലുങ്ക് ചിത്രമായ ഹലോയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ കല്യാണിയുടെ പുത്തം പുതു കാലൈയാണ് അവസാനമിറങ്ങിയ ചിത്രം. മലയാള ചിത്രങ്ങളായ മരക്കാര്‍, ഹൃദയം, ബ്രോ ഡാഡി, തമിഴ് ചിത്രം മാനാട് എന്നിവയാണ് നടിയുടെ ഇറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍.